ദേവഗൗഡയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത്; അദ്ദേഹം മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ട് തന്നെ വർഷങ്ങൾ കഴിഞ്ഞു -മാത്യു ടി. തോമസ്
text_fieldsതിരുവനന്തപുരം: ബി.ജെ.പിക്കൊപ്പം പ്രവർത്തിക്കാനുള്ള ജെ.ഡി.എസ് തീരുമാനം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന എച്ച്.ഡി. ദേവഗൗഡയുടെ വാദം തള്ളി ജനതാദൾ (എസ്) കേരള ഘടകം സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന പ്രഖ്യാപനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെയും ജനതാദൾ(എസ്) മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെയും അനുമതിയുണ്ടെന്ന എച്ച്.ഡി. ദേവഗൗഡയുടെ പ്രസ്താവന തികഞ്ഞ രാഷ്ട്രീയ അസംബന്ധമെന്ന് മാത്യു ടി. തോമസ് പറഞ്ഞു. ദേവഗൗഡ മുഖ്യമന്ത്രിയുമായി ഏതെങ്കിലും വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മുൻ പ്രധാനമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി.
ബി.ജെ്പിയെയും കോൺഗ്രസിനെയും എതിർക്കുക എന്ന ദേശീയ പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ നിലപാട് തിരുത്താൻ ആർക്കും അവകാശമില്ലെന്നും വിഭിന്ന നിലപാട് സ്വീകരിക്കാൻ ദേശീയ പ്ലീനറി സമ്മേളനത്തിന് മാത്രമേ അവകാശമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധാരണ കൊണ്ടോ അല്ലെങ്കിൽ പ്രായാധിക്യത്തിന്റെ പ്രയാസങ്ങളാൽ സംഭവിച്ച പിഴവായാണ് ആ പ്രസ്താവനയെ കാണുന്നത്. ഒരു ഫോറത്തിലും ചർച്ച ചെയ്യാതെയാണ് ബി.ജെ.പിക്കൊപ്പം ചേരുക എന്ന തീരുമാനം അഖിലേന്ത്യാ അധ്യക്ഷൻ സ്വീകരിച്ചത്. അതിനൊപ്പം കേരളത്തിലെ പാർട്ടിയില്ല. കേരളത്തിലെ പാർട്ടി ഇടതുപക്ഷ മുന്നണിക്കൊപ്പമായിരിക്കുമെന്നും മാത്യു ടി. തോമസ് കൂട്ടിച്ചേർത്തു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയാണ് കർണാടകയിൽ ബി.ജെ.പിയുമായി പ്രവർത്തിക്കാനുള്ള തീരുമാനത്തിലെത്തിയത് എന്നാണ് എച്ച്.ഡി. ദേവഗൗഡ പറഞ്ഞത്. പാർട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു. പിന്നാലെ ഇത് നിഷേധിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടിയും രംഗത്തെത്തിയിരുന്നു. പിണറായി വിജയനും ദേവഗൗഡയും തമ്മിൽ ചർച്ച നടത്തിയിട്ടില്ല. പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് അറിയില്ല. എൻ.ഡി.എ സഖ്യത്തിന് കേരളഘടകം സമ്മതം മൂളിയിട്ടില്ലെന്ന് കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.