വികസനമാണ് രാജ്യത്തിന്റെ മതം; കേരളീയരുടെ പിന്തുണ തേടുന്നുവെന്ന് മോദി
text_fieldsന്യൂഡല്‍ഹി: വികസനമാണ് രാജ്യത്തിന്റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണത്തിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ല. വികസനം എല്ലാവര്‍ക്കുമുള്ളതാണ്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സഹകരിച്ച് നിർമിച്ച വൻകിട പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മോദി.
'കേരളത്തിന്റെ വികസനയാത്രയില്‍ പ്രധാനപ്പെട്ട ചുവടുവെപ്പാണിത്. സഹകരണം-വികസനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നമുക്ക് മുന്നോട്ടു നീങ്ങാം. അതിന് കേരളത്തിലെ ജനങ്ങളുടെ പിന്തുണ തേടുകയാണ്. സംസ്ഥാനത്തെ എല്ലാ പദ്ധതികളിലും സഹകരണം ഉണ്ടാവും' -മോദി വ്യക്തമാക്കി.
വൈദ്യുതോൽപാദനം, പ്രസാരണം, വിതരണം, സൗരോർജം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ ഹർദീപ്സിങ് പുരി, ആർ.കെ. സിങ് എന്നിവർ കൂടി ഉൾപ്പെട്ട വിഡിയോ കോൺഫറൻസ് പരിപാടിയിലൂടെ ഉദ്ഘാടനം ചെയ്തത്.
തമിഴ്നാട്ടിലെ പുഗലൂരിൽനിന്ന് തൃശൂരിലേക്ക് 5,070 കോടി രൂപ ചെലവിൽ നിർമിച്ച 320 കെ.വി വൈദ്യുതി വിതരണ പദ്ധതിയാണ് ഇതിൽ പ്രമുഖം. കാസർകോട് 50 മെഗാവാട്ട് സൗരോർജ പദ്ധതി, അരുവിക്കര ജലസംസ്കരണ പ്ലാൻറ് എന്നിവയും ഉദ്ഘാടനം ചെയ്തു. വിവിധ പട്ടണങ്ങളിലേക്കായി ഏതാനും വൈദ്യുതി പദ്ധതികൾ, തിരുവനന്തപുരം സ്മാർട്ട് റോഡ് പദ്ധതി എന്നിവക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. നിയമസഭ തെരഞ്ഞെടുപ്പു തീയതികൾ നിശ്ചയിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. വോട്ടെടുപ്പു തീയതികൾ പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുമെന്നിരിക്കെയാണ്, പ്രചാരണങ്ങളിൽ ഉയർത്തിക്കാട്ടുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം ഒറ്റയടിക്ക് നടത്തിയത്.
സൗരോർജത്തിന് ഇന്ത്യ വർധിച്ച പ്രാധാന്യം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആറുവർഷത്തിനിടയിൽ രാജ്യത്തിെൻറ സൗരോർജ ശേഷി 13 ഇരട്ടി വർധിച്ചു. നഗരങ്ങൾ രാജ്യവളർച്ചയുെട എൻജിനും ശക്തികേന്ദ്രവുമാണെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.