ദേശീയപാത വികസനം: കേന്ദ്രമന്ത്രി നിതിന് ഗഡ്ഗരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ചർച്ച നടത്തി. കേന്ദ്രമന്ത്രിയുടേത് അനുകൂല സമീപനമായിരുന്നുവെന്ന് മന്ത്രി റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2025 ഡിസംബറോടെ കാസർകോട് മുതൽ തിരുവനന്തപുരംവരെ 45 മീറ്റർ വീതിയിൽ ആറുവരി ദേശീയപാത 66 യാഥാർഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. 2025 മേയിൽ വിവിധ സ്ട്രെച്ചുകളുടെ പ്രവൃത്തി പൂർത്തീകരിക്കാനാകും. ദേശീയപാത 66 പദ്ധതി ഒരു സമയത്ത് ഉപേക്ഷിക്കപ്പെട്ടതാണ്. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രി കേന്ദ്രസർക്കാറുമായി ചർച്ച നടത്തി.
പദ്ധതിയിലെ പ്രധാന പ്രശ്നം ഭൂമിയേറ്റെടുക്കലായിരുന്നു. കേന്ദ്രസർക്കാർ ഇതിനാവശ്യമായ പണം നൽകിയില്ല. പിന്നീട് സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കലിന് പണം കണ്ടെത്തുകയായിരുന്നു. 5580 കോടിയാണ് ചെലവഴിച്ചത്. ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ദേശീയപാതക്ക് ഭൂമിയേറ്റെടുക്കാൻ പണം കണ്ടെത്തിയതെന്ന് മന്ത്രി റിയാസ് പറഞ്ഞു.
തടസ്സപ്പെട്ട പാതകൾ വീണ്ടും തുറന്നേക്കും
വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച് വൈകി പിന്നീട് കേന്ദ്രത്തിന് സഹായം അനുവദിക്കുന്നതിൽ തടസ്സ നേരിട്ട ഏഴു പദ്ധതികൾ അലൈൻമെന്റ് മാറ്റംവരുത്തി വീണ്ടും മുന്നോട്ടുവെക്കാൻ തത്ത്വത്തിൽ അംഗീകാരമായതായി റിയാസ് പറഞ്ഞു. മലാപ്പറമ്പ് -പുതുപ്പാടി (എൻ.എച്ച് -766), പുതുപ്പാടി-മുത്തങ്ങ (എൻ.എച്ച് -766), കൊല്ലം -അഞ്ചാലുംമൂട് (എൻ.എച്ച് -183), കോട്ടയം -പൊൻകുന്നം (എൻ.എച്ച് -183), മുണ്ടക്കയം -കുമളി (എൻ.എച്ച് -183), ഭരണിക്കാവ് -മുണ്ടക്കയം (എൻ.എച്ച് -183 എ), അടിമാലി- കുമളി (എൻ.എച്ച് -185) എന്നിവക്ക് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനനുസരിച്ച് അംഗീകാരമായേക്കും.
ഭാവിയിലേക്കുള്ള 17 പാതകൾ
തുറമുഖപാതകൾക്കും വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട പാതകൾക്കും കൂടുതൽ മുൻഗണന നൽകി 17 പാതകളുടെ വികസനം ചർച്ച ചെയ്തതായി റിയാസ് പറഞ്ഞു. പുനലൂർ ബൈപാസ് (എൻ.എച്ച് -744), എൻ.എച്ച് 66ൽനിന്നുള്ള കോഴിക്കോട് എയർപോർട്ട് റോഡിൽ എലിവേറ്റഡ് ഹൈവേ ആശയം പരിഗണിച്ചു.
കണ്ണൂർ വിമാനത്താവളത്തിലേക്ക് ദേശീയപാതയിൽനിന്നുള്ള പാതയുടെ നവീകരണം തത്ത്വത്തിൽ അംഗീകാരമായി. എൻ.എച്ച് 66ലെ പരാതികൾ ചർച്ചചെയ്ത് പരിഹരിക്കും. തിക്കോടിയിൽ അണ്ടർപാസ് നിർമാണവുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനമുണ്ടാവുമെന്ന് അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് തിരുവനന്തപുരം തലക്കോട് നിന്നുള്ള പാതയുടെ വികസനത്തിനും അനുകൂല സമീപനമുണ്ടായി.
ദേശീയപാത 66 നിലവിൽ ഇങ്ങനെ
തലപ്പാടി - ചെങ്ങള സ്ട്രെച്ച് 74 ശതമാനവും ചെങ്ങള - നീലേശ്വരം സ്ട്രെച്ച് 58 ശതമാനവും പൂർത്തിയായി. നീലേശ്വരം - തളിപ്പറമ്പ് സ്ട്രെച്ച് 50 ശതമാനവും തളിപ്പറമ്പ് - മുഴപ്പിലങ്ങാട് സ്ട്രെച്ച് 58 ശതമാനവും അഴിയൂർ - വെങ്ങളം സ്ട്രെച്ച് 45 ശതമാനവും കോഴിക്കോട് ബൈപാസ് (വെങ്ങളം - രാമനാട്ടുകര) സ്ട്രെച്ച് 76 ശതമാനവും പ്രവൃത്തി പൂർത്തിയായി. രാമനാട്ടുകര - വളാഞ്ചേരി സ്ട്രെച്ച് 80 ശതമാനവും വളാഞ്ചേരി ബൈപാസ് - കാപ്പിരിക്കാട് സ്ട്രെച്ച് 82 ശതമാനവും കാപ്പിരിക്കാട് - തളിക്കുളം സ്ട്രെച്ച് 49 ശതമാനവും തളിക്കുളം -കൊടുങ്ങല്ലൂർ സ്ട്രെച്ച് 43 ശതമാനവും തുറവൂർ - പറവൂർ സ്ട്രെച്ച് 27 ശതമാനവും പറവൂർ - കോട്ടുകുളങ്ങര സ്ട്രെച്ച് 44 ശതമാനവും കൊല്ലം ബൈപാസ് - കടമ്പാട്ടുകോണം സ്ട്രെച്ച് 50 ശതമാനവും കടമ്പാട്ടുകോണം - കഴക്കൂട്ടം സ്ട്രെച്ച് 36 ശതമാനവും പൂർത്തീകരിച്ചു.
പദ്ധതി പൂർത്തീകരണം 2026 മാർച്ചിൽ
ന്യൂഡൽഹി: കേരളത്തിലെ എൻ.എച്ച് 66 ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാകാൻ 2026 മാർച്ച് വരെ കാത്തിരിക്കേണ്ടിവരും. ലോക്സഭയിൽ അബ്ദുസ്സമദ് സമദാനി എം.പിയുടെ ചോദ്യത്തിന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേരളത്തിന് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളിൽ ഇതുവരെ പൂർത്തിയായത് 12 എണ്ണമാണ്. 1090.51 കിലോമീറ്റർ ദൈർഘ്യമുള്ള 40 പദ്ധതികൾക്ക് 64,587.09 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിൽ 269.32 കിലോമീറ്റർ ദൈർഘ്യത്തിൽ 7371.52 കോടി രൂപയുടെ 12 പദ്ധതികളാണ് പൂർത്തിയായത്. ശേഷിക്കുന്ന 28 പദ്ധതികളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. 821.19 കിലോമീറ്റർ ദൈർഘ്യത്തിൽ 57,215.57 കോടി രൂപയുടേതാണ് പൂർത്തിയാകാനുള്ള പദ്ധതികൾ. ദേശീയപാതാ പദ്ധതികൾക്കായി നടപ്പ് സാമ്പത്തിക വർഷം കേരളത്തിന് അനുവദിച്ചിരിക്കുന്നത് 2100 കോടി രൂപയാണ്. ഇതിനു പുറമെ, 45.15 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് അടുത്ത ഫെബ്രുവരി -മാർച്ച് കാലയളവിൽ അനുമതി നൽകുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.