ഓർമയായത് മിടുക്കിയായ വിദ്യാർഥിനി
text_fieldsവളാഞ്ചേരി: മഹാത്മജി സാംസ്കാരിക വേദി കോട്ടക്കലിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയതിന് അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രമുണ്ട് ദേവികയുടെ കൊച്ചുവീടിെൻറ മങ്ങിയ ചുമരിൽ. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാവാത്ത മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസുകാരി ദേവിക പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയാണെന്നതിെൻറ ഓർമപ്പെടുത്തൽ കൂടിയാണിത്. ജൂനിയർ റെഡ് ക്രോസിൽ അംഗമായിരുന്ന അവൾ പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു.
പാഠഭാഗങ്ങൾ അന്ന് തന്നെ പഠിച്ചുതീർക്കുന്ന ശീലമായിരുന്നു. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയാൽ വൈകീട്ട് ചായ കുടിക്കാതെ വീട്ടിലിരുന്ന് പഠിക്കും. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ പഠനം മുടങ്ങുമെന്ന പേടിയുണ്ടായിരുന്നു. ടി.വിയുടെ പിക്ചർ ട്യൂബ് കേടായതോടെ നന്നാക്കാൻ ആവശ്യപ്പെട്ടിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ടി.വി ശരിയാക്കാമെന്ന് അച്ഛൻ ബാലകൃഷ്ണൻ അറിയിച്ചിരുന്നു. സമീപത്തെ വീട്ടിലേക്ക് ടി.വി കാണാൻ ക്ഷണിച്ചിരുന്നെങ്കിലും അവൾ പോയില്ല. തിങ്കളാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം എല്ലാവരും വീട്ടിലുണ്ടായിരുന്നു. ഇളയ കുട്ടികൾ കളിക്കുന്നതിനിടെയാണ് കുറച്ചുകഴിഞ്ഞപ്പോൾ മകളെ കാണാതായത്. എല്ലായിടത്തും അന്വേഷിച്ചു. അമ്മമ്മയാണ് നൂറുമീറ്റർ അകലെ ആൾതാമസമില്ലാത്ത വീട്ടിൽ ദേവികയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.