കണ്ണീർപ്പൂക്കളുമായി ദേവികമോൾ ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരത്തിൽ
text_fieldsപൊൻകുന്നം: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുടെ കരുതൽമൂലം ശസ്ത്രക്രിയ ചെയ്യാനും കേൾവിശക്തി ലഭിക്കാനും ഇടയായ വിദ്യാർഥി കണ്ണീർപ്പൂക്കളുമായി സ്മൃതികുടീരത്തിലെത്തി. ചെറുവള്ളി മന്നത്താനികരോട്ട് രാജേഷിന്റെയും അശ്വതിയുടെയും മകളായ ദേവിക ആർ. നായരാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനക്ക് എത്തിയത്. ദേവികക്ക് ജന്മന കേൾവിശക്തിയും സംസാരശേഷിയും ഇല്ലായിരുന്നു.
ഒന്നര വയസ്സുള്ളപ്പോൾ നടത്തിയ പരിശോധനയിലാണ് കോക്ലിയർ ഇംപ്ലാന്റേഷൻ സർജറി വഴി കുട്ടിക്ക് കേൾവിശക്തിയും സംസാരശേഷിയും കിട്ടും എന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ആറരലക്ഷം രൂപ ചെലവ് വരുമെന്ന് ഡോക്ടർ പറഞ്ഞതോടെ കുടുംബം നിരാശയിലായി.
ചികിത്സ സഹായത്തിന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് അപേക്ഷ നൽകി. പല കുട്ടികൾക്കും ഈ അവസ്ഥയുണ്ടെന്ന് ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി കാബിനറ്റിൽ ഈ വിഷയം അജണ്ടയിൽ വെക്കുകയും ഇങ്ങനെയുള്ളവരുടെ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് ആദ്യ അപേക്ഷകയായ ദേവികയുടെ ചികിത്സച്ചെലവ് സർക്കാർ ഫണ്ടിൽനിന്ന് അനുവദിച്ചു.
വൈറ്റിലയിലെ ഇ.എൻ.ടി ആശുപത്രിയിലാണ് ദേവികയുടെ ശസ്ത്രക്രിയ നടത്തിയത്. ഇപ്പോൾ ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ഈ പെൺകുട്ടി. വെള്ളിയാഴ്ച ദേവിക പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരത്തിലെത്തി മെഴുകുതിരി കത്തിച്ച് ആദരം അർപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയം ഉമ്മൻ എന്നിവരെയും കണ്ടു. കോൺഗ്രസ് മേഖല കമ്മിറ്റി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് ദേവികയെ സ്മൃതികുടീരത്തിൽ എത്തിക്കാൻ മുൻകൈ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.