ദേവികുളം തെരഞ്ഞെടുപ്പ് കേസ് വിധി പറയാൻ മാറ്റി
text_fieldsന്യൂഡൽഹി: തന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ദേവികുളം എം.എൽ.എ എ. രാജ സമർപ്പിച്ച അപ്പീൽ ജസ്റ്റിസുമാരായ അഭയ് എസ്. ഓക, എ. അമാനുല്ല, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിധി പറയാനായി മാറ്റി.
ഇടുക്കി കുണ്ടള എസ്റ്റേറ്റിലെ ജോലിക്കായി തമിഴ്‌നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയർ വിഭാഗക്കാരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് തന്റെ പിതാവെന്ന് രാജ സുപ്രീംകോടതിയിൽ വാദിച്ചു. എന്നാൽ, രാജയുടെ അച്ഛൻ ആന്റണിയും അമ്മ ഈശ്വരിയും (എസ്തറും) ഉൾപ്പെടെ മുഴുവൻ കുടുംബവും 1992ൽ ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാൽ പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്നാണ് എതിരാളിയായ യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാർ ബോധിപ്പിച്ചത്.
രാജയുടെ പിതാവിന്റെ മാതാപിതാക്കളുടെ 1940കളിലെ കുടിയേറ്റ സമയത്ത് തമിഴ്നാട്ടിൽ പട്ടികജാതി സംവരണത്തിന് അർഹത ഉണ്ടായിരുന്നുവെന്നും പട്ടികജാതിക്കാർക്കുള്ള സംവരണ ഉത്തരവ് പ്രാബല്യത്തിലായ 1950 ആഗസ്റ്റ് 10ന് മുമ്പായിരുന്നു ഇതെന്നും അതിനാൽ തമിഴ്നാട്ടിലെ സംവരണ വിഭാഗമായ ഇവർ കേരളത്തിലും സംവരണത്തിന് അർഹരാണെന്നും മുതിർന്ന അഭിഭാഷകൻ വി. ഗിരിയും സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശും രാജക്കുവേണ്ടി വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.