രാഷ്ട്രീയ ചർച്ചകളിൽ ദേവികുളം
text_fieldsതൊടുപുഴ: ദേവികുളം നിയമസഭ മണ്ഡലത്തിൽ അഡ്വ. എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കുകയും ഇതിനെതിരെ അപ്പീൽ നൽകാൻ സി.പി.എം തീരുമാനിക്കുകയും ചെയ്തതോടെ മണ്ഡലം രാഷ്ട്രീയ ചർച്ചകളിൽ നിറയുന്നു. സി.പി.എമ്മിന് അപ്രതീക്ഷിത തിരിച്ചടിയായി മാറിയ കോടതിവിധി മണ്ഡലത്തിന്റെ സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.
ഇതോടൊപ്പം, ഇരുപാർട്ടികളിലും വ്യത്യസ്ത അഭിപ്രായങ്ങൾക്കും വിവിധ തലങ്ങളിലുള്ള ചർച്ചകൾക്കും കോടതിവിധി വഴിതെളിച്ചിട്ടുണ്ട്. ദേവികുളം താലൂക്കിലെ അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, പള്ളിവാസൽ, ഇടമലക്കുടി പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളും ഉൾപ്പെടുന്ന ദേവികുളം മണ്ഡലം പട്ടികജാതി സംവരണമാണ്.
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി കോൺഗ്രസിലെ ബി.കെ നായരുടെ പത്രിക തള്ളിയതിനെത്തുടർന്ന് സി.പി.ഐയുടെ റോസമ്മ പുന്നൂസ് വിജയിച്ചെങ്കിലും ബി.കെ. നായർ ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചതോടെ റോസമ്മയുടെ വിജയം റദ്ദാക്കി.
തുടർന്ന് 1958ൽ ഉപതെരഞ്ഞെടുപ്പിൽ റോസമ്മതന്നെ തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ തുടർച്ചയായി മൂന്ന് തവണ കോൺഗ്രസിലെ എ.കെ. മണിയും 2001 മുതൽ തുടർച്ചയായി സി.പി.എമ്മിലെ എസ്. രാജേന്ദ്രനുമാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. 2021ൽ വൈകി ലഭിച്ച സ്ഥാനാർഥിത്വം വൻ വിജയമാക്കി മാറ്റിയ എ. രാജയും പ്രതീക്ഷിക്കാത്തതാണ് നിലവിലെ കോടതിവിധി.
തോട്ടം മേഖലയായ മണ്ഡലത്തിലെ വോട്ടർമാരിൽ 27.08 ശതമാനം പട്ടികജാതിക്കാരും 10.4 ശതമാനം പട്ടികവർഗക്കാരുമാണ്. പട്ടികജാതി വിഭാഗത്തിൽ പള്ളർ, പറയർ സമുദായങ്ങൾക്കാണ് പ്രാമുഖ്യം. ഇരുമുന്നണികളും ഈ സമുദായത്തിൽപ്പെട്ടവരെ സ്ഥാനാർഥികളാക്കുകയാണ് പതിവ്. രാഷ്ട്രീയ സാഹചര്യങ്ങൾക്കപ്പുറം വിധി നിർണയത്തെ സ്വാധീനിക്കുക ഈ സമുദായങ്ങളുടെ നിലപാടാകും.
മുമ്പ് വിജയിച്ച എ.കെ. മണിയും എസ്. രാജേന്ദ്രനും പള്ളർ സമുദായക്കാരാണ്. കഴിഞ്ഞ തവണ അയ്യായിരത്തിലധികം വോട്ടിന് ഡി. കുമാർ ജയിക്കുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടിയിരിക്കുമ്പോഴാണ് സ്വന്തം മുന്നണിയെപ്പോലും ഞെട്ടിച്ച് 7848 വോട്ടിന് രാജ വിജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ലീഡ് ചെയ്ത കോൺഗ്രസിന് ഇത് കനത്ത ആഘാതമായിരുന്നു.
ജില്ലയിൽ ഒരു എം.എൽ.എ പോലുമില്ലാത്ത കോൺഗ്രസ് ദേവികുളം വിധിയെ ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയും പ്രതീക്ഷയോടെയുമാണ് കാണുന്നത്. കോടതിവിധിക്ക് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന നേതൃത്വം ജില്ല നേതൃത്വവുമായി പ്രാഥമിക ആശയ വിനിയമം നടത്തുകയും ചെയ്തു. കോൺഗ്രസ് ഉപതെരഞ്ഞെടുപ്പ് മുന്നിൽ കാണുമ്പോൾ വിധി ചോദിച്ചുവാങ്ങിയതാണെന്ന വികാരം എൽ.ഡി.എഫിലെ ചില ഘടകകക്ഷികളും സി.പി.എമ്മിലെ ഒരു വിഭാഗവും പങ്കുവെക്കുന്നുമുണ്ട്.
രാജയുടെ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണമായിരുന്നു -എസ്. രാജേന്ദ്രൻ
തൊടുപുഴ: രാജയുടെ സ്ഥാനാർഥിത്വം പാർട്ടിക്ക് ഒന്ന് കൂടി പരിശോധിക്കാമായിരുന്നു എന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് കോടതി വിധിയെന്നും ദേവികുളത്തെ മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ.
മത്സരിച്ചാൽ കുഴപ്പങ്ങൾ ഉണ്ടാകുമെന്ന് രാജക്ക് പറയാമായിരുന്നു. അർഹരായ ആളുകളെ തഴഞ്ഞാണ് സി.പി.എം രാജയെ സ്ഥാനാർഥിയാക്കിയതെന്നാണ് കോടതി വിധി വ്യക്തമാക്കുന്നത്. താൻ ഒരു ഘട്ടത്തിലും ഒരാളുടെ പേരും സ്ഥാനാർഥിത്വത്തിന് നിർദേശിച്ചിട്ടില്ല.
രാജയുടെ പേര് തെരഞ്ഞെടുപ്പ് സമയത്ത് നിർദേശിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും രാജേന്ദ്രൻ പ്രതികരിച്ചു. ദേവികുളത്ത് രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ പേരിൽ രാജേന്ദ്രനെ പിന്നീട് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.