ഇനി ഭക്തർക്ക് ഉദ്യോഗസ്ഥർ ആചാരമുറകൾ വിവരിക്കും
text_fieldsനെടുമ്പാശ്ശേരി: ക്ഷേത്രങ്ങളിലെ ആചാര മുറകൾ ഇനി ഭക്തർക്ക് ജീവനക്കാർ പറഞ്ഞുകൊടുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നത്. ഇവർക്കായുള്ള പരിശീലന പരിപാടികൾ ആരംഭിച്ചു.
വിവിധ ക്ഷേത്രങ്ങളിലേക്ക് കൂടുതൽ ഭക്തരെ എത്തിച്ച് തീർഥാടന ടൂറിസം വ്യാപിപ്പിക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനുമാണ് തീരുമാനം. ദേവസ്വം ബോർഡിന്റെ കീഴിൽ 1248 ക്ഷേത്രങ്ങളാണുള്ളത്. ജന്മനക്ഷത്ര വൃക്ഷപരിപാലന പദ്ധതിയിലേക്ക് കൂടുതൽ ഭക്തരെ ആകർഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജന്മദിന സമ്മാനമായി ഒരു മരത്തൈ ക്ഷേത്രപരിസരത്ത് നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതാണ് പദ്ധതി. മാസംതോറും നൂറുരൂപ വീതം പരിപാലന ചെലവായി ദേവസ്വം ബോർഡിന് മൂന്നുവർഷത്തേക്ക് നൽകണം. പതിനായിരം രൂപ നൽകിയാൽ മരത്തിനൊപ്പം അഞ്ചുവർഷത്തേക്ക് പേര് എഴുതിവെക്കുകയും ചെയ്യും.
2018ലെ വെള്ളപ്പൊക്കത്തിൽ നിരവധി ക്ഷേത്രങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായി. സാമ്പത്തിക പരിമിതി മൂലം പലയിടങ്ങളിലും അറ്റകുറ്റപ്പണികൾപോലും പൂർണമായി നടപ്പാക്കാനായിട്ടില്ല. ഈ പ്രശ്നങ്ങൾക്കുകൂടി പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.