ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസ്
text_fieldsശബരിമല: ശബരിമലയിലേക്ക് വൻ ഭക്തജന പ്രവാഹത്തെ തുടർന്ന് തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസ്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് നട അടച്ച ശേഷവും വൻ ഭക്തജന പ്രവാഹമാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രണാതീതമായതോടെ കാര്യങ്ങൾ കൈവിട്ടു.
സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ അടക്കം തകർത്ത് തീർഥാടകർ കൂട്ടത്തോടെ താഴെ തിരുമുറ്റത്തേക്കടക്കം തള്ളി കയറി.
സന്നിധാനത്ത് തിരക്ക് വർധിച്ചതോടെ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ പത്തനംതിട്ടയിലും നിലക്കലിലും കെ.എസ്.ആർ.ടി.സി ബസുകൾ അടക്കമുള്ള വാഹനങ്ങൾ മണിക്കൂറുകൾ പിടിച്ചിട്ടു. വാഹനങ്ങളുടെ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.
വെള്ളിയാഴ്ച നെയ്യഭിഷേകം ചെയ്യാൻ സാധിക്കാതെ വന്ന പതിനായിരക്കണക്കിന് ഭക്തർ സന്നിധാനത്ത് തമ്പടിച്ചു. ഇതും തിരക്ക് വർധിക്കാൻ കാരണമായി. തിരക്ക് നിയന്ത്രിക്കാൻ ആവാതെ വന്നതോടെ സന്നിധാനത്തിന്റെ പല ഭാഗങ്ങളിലും ഭക്തരും പൊലീസുകാരും തമ്മിൽ വാക്കേറ്റവും ഉന്തുതള്ളും ഉണ്ടായി.
പല ഭാഗത്തുനിന്നും ഭക്തർ പ്രവേശത്തോടെ ജനസാഗരമായിരുന്നു സന്നിധാനത്ത് അനുഭവപ്പെത്. നടപ്പന്തലും സന്നിധാനത്തേക്ക് പ്രവേശിക്കുന്ന എല്ലാ ഭാഗങ്ങളും ഭക്തരെ കൊണ്ട് നിറഞ്ഞു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ പമ്പയിൽ എത്തിയ തീർഥാടകരെ തിരക്ക് കാരണം ഇതുവരെയും സന്നിധാനത്തേക്ക് കടത്തി വിട്ടിട്ടില്ല. ഇതോടെ ത്രിവേണിയും പമ്പാതീരവും അടക്കം ഭക്തരാൽ നിറഞ്ഞു നിൽക്കുകയാണ്.
ദർശനത്തിനായി 12 മണിക്കൂറിലേറെ നേരത്തിലധികം നേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. തിരക്ക് നിയന്ത്രണാതീതമായ സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ് സംവിധാനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.