യുവതി പ്രവേശനത്തിന് പ്രത്യേക സൗകര്യം: നിലവിൽ സാധ്യമല്ലെന്ന് ദേവസ്വം ബോർഡ്
text_fieldsകൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക സൗകര്യം ഒരുക്കാൻ നിലവിൽ സാധ്യമല്ലെന്ന് ദേവസ്വം ബോർഡ് ഹൈകോടതിയിൽ. യുവതികളുടെ ദർശനത്തിന് ഒരുക്കേണ്ട സൗകര്യങ്ങൾ സമയക്കുറവും കേന്ദ്ര ഉന്നതാധികാര സമിതിയുടെ എതിർപ്പും മൂലം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാൻ സാവകാശം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. യുവതിപ്രവേശനത്തിന് സൗകര്യം തേടി കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്ത് ഉൾപ്പെടെ നാലുപേർ നൽകിയ ഹരജിയിലാണ് വിശദീകരണം.
യുവതിപ്രവേശനത്തിന് സുപ്രീംകോടതി അനുമതി നൽകിയ സാഹചര്യത്തിൽ ഇൗ വിഭാഗക്കാർക്ക് സുരക്ഷയും സൗകര്യവും ഒരുക്കേണ്ടതുണ്ട്. എന്നാൽ, കേന്ദ്ര ഉന്നതാധികാര സമിതിയുടെ എതിർപ്പുകാരണം പമ്പയിൽ സ്ഥിരം നിർമാണങ്ങൾ സാധ്യമല്ലാത്ത അവസ്ഥയാണ്.
ശബരിമല മാസ്റ്റർ പ്ലാൻ അനുസരിച്ചേ സന്നിധാനത്ത് നിർമാണം നടക്കൂ. ചില നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡും വനം വകുപ്പും തമ്മിെല തർക്കം പരിഹരിക്കാൻ ഹൈകോടതി നിയോഗിച്ച അഭിഭാഷക കമീഷണറുടെ നേതൃത്വത്തിൽ സർവേ നടപടി പുരോഗമിക്കുകയാണെന്നും പത്രികയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.