മുട്ടിൽ മരംമുറിക്കേസിൽ ഭീഷണിയുണ്ടെന്ന് ഡി.എഫ്.ഒ ധനേഷ്കുമാർ, പരാതി നൽകി
text_fieldsതിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസ് അന്വേഷിച്ച ഡി.എഫ്.ഒ ധനേഷ്കുമാറിന് ഭീഷണി. മരം മുറിക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗമായിരുന്നു ഡി.എഫ്.ഒ ധനേഷ് കുമാർ. ധനേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടി എ.ഡി.ജി.പി ശ്രീജിത്തിന് പരാതി നൽകി.
ജയിലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴും പ്രതികൾ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയിൽ ആരോപിക്കുന്നു. കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ ആയിരുന്നു പി. ധനേഷ് കുമാർ. മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡി.എഫ്.ഒമാരിൽ ഒരാൾ ധനേഷ്കുമാറായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളുടെ ചുമതല ധനേഷ് വഹിച്ചിരുന്നു.
കേരളത്തിലെ പല റേഞ്ചുകളിലെ വനഭൂമികളിലെ നിരവധി കൊള്ളകളും കൈയേറ്റങ്ങളും തടയുകയും വനം സംരക്ഷിക്കുകയും ചെയ്ത ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഡിപ്പാർട്ട്മെന്റിൽ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് ധനേഷ് കുമാര്.
പ്രതികളുടെ ഭീഷണി; അന്വേഷണം തുടങ്ങി
കോഴിക്കോട്: വനം വകുപ്പിലെ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയായ പി. ധനേഷ് കുമാറിനെ മുട്ടിൽ മരംമുറി കേസ് പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച മാറാട് പൊലീസ് ധനേഷ് കുമാറിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. സുരക്ഷയടക്കം ഒരുക്കുന്നതിനെക്കുറിച്ചാണ് പൊലീസ് അന്വേഷിച്ചത്. പ്രതികളായ റോജി അഗസ്റ്റിനും ആേൻറാ അഗസ്റ്റിനും ഭീഷണിപ്പെടുത്തിയതായാണ് പരാതി. സ്പെഷൽ ബ്രാഞ്ച് അധികൃതരും വിവരങ്ങൾ ശേഖരിച്ചു.
ആലുവ പൊലീസ് ക്ലബിൽ നടന്ന ചോദ്യം ചെയ്യലിനിടെ ധനേഷിനെയും മേപ്പാടി റേഞ്ച് ഓഫിസർ എം.കെ. സമീറിനെയും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഈ മാസം എട്ടിന് ഇതു സംബന്ധിച്ച് ചീഫ് കൺസർവേറ്റർക്ക് പരാതി നൽകിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അഗസ്റ്റിൻ സഹോദരന്മാരെ ഈ മാസം 23 നു വനം വകുപ്പ് സംഘം ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോഴും ഭീഷണി ആവർത്തിച്ചു. തുടർന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്തിന് ചീഫ് കൺസർവേറ്റർ പരാതികൾ കൈമാറുകയായിരുന്നു. എം.കെ.സമീറും ഉടൻ പരാതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.