സിംസ്: സ്വകാര്യ കമ്പനിയെ സഹായിക്കാൻ ഡി.ജി.പി വീണ്ടും
text_fieldsതിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടും വിവാദങ്ങളും ഫലം കണ്ടില്ല, സിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയെ സഹായിക്കാനുള്ള നടപടികളുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. വീടുകളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കാനുള്ള സിംസ് പദ്ധതിയിൽ സഹകരണസ്ഥാപനങ്ങൾ പരമാവധി ചേരണമെന്ന് ഡി.ജി.പി സഹകരണ രജിസ്ട്രാർക്ക് കത്തയച്ചു. ഗ്യാലക്സോൺ എന്ന സ്വകാര്യകമ്പനിയെ സഹായിക്കുന്നതിനാണ് ഡി.ജി.പിയുടെ നടപടിയെന്നാണ് പൊലീസിൽ തന്നെയുള്ള ആക്ഷേപം.
ഇതുവരെ 12 സ്ഥാപനങ്ങൾ മാത്രം ചേർന്നതിനാൽ പദ്ധതി വിജയിപ്പിക്കാനാണ് ഡി.ജി.പിയുടെ ഇടപെടലെന്നുമാണ് ഒൗദ്യോഗിക വിശദീകരണം. കെൽട്രോൺ ആവശ്യപ്പെട്ട പ്രകാരമാണ് സഹകരണ രജിസ്ട്രാർക്ക് കത്തയച്ചതെന്നാണ് ഡി.ജി.പിയുടെ വിശദീകരണം. സഹകരണസ്ഥാപനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് കത്തയച്ചതെന്നും സിംസ് വിജയിച്ചാൽ പൊലീസിനും വരുമാനമുണ്ടാകുമെന്നും വിശദീകരിക്കുന്നു. പൊലീസ് ആസ്ഥാനത്ത് കണ്ട്രോള് റൂം സ്ഥാപിച്ച് സ്വകാര്യ കമ്പനിക്ക് വഴിവിട്ട് ലാഭമുണ്ടാക്കാൻ അവസരം നൽകിയെന്ന ആരോപണത്തെത്തുടർന്നാണ് സിംസ് പദ്ധതി വിവാദത്തിലായത്. സ്വകാര്യസ്ഥാപനങ്ങളില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കുന്നതാണ് പദ്ധതി. എന്നാൽ പൊലീസിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇൗ പദ്ധതി നിലച്ചിരുന്നു. പൊലീസിെൻറ പേരിലാണ് സിംസ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തികനേട്ടം സ്വകാര്യകമ്പനിക്കാണെന്ന നിലയിലാണ് കരാർ. പൊലീസ് ആസ്ഥാനത്ത് ഓഫിസ് നിർമിക്കാനും കമ്പനി പ്രതിനിധികൾക്ക് അവിടെ യഥേഷ്ടം കയറിയിറങ്ങാനും അധികാരവും ലഭിച്ചു.
മതിയായ യോഗ്യതയില്ലാത്ത കമ്പനിയെയാണ് തെരഞ്ഞെടുത്തതെന്നും ആക്ഷേപം ഉയർന്നു. തുടർന്നാണ് കമ്പനിയെ തെരഞ്ഞെടുത്തത് ഉൾപ്പെടെ കാര്യങ്ങൾ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച് പദ്ധതി മരവിപ്പിച്ചത്. എന്നാല്‍ അന്വേഷണമോ തിരുത്തലോ ഇല്ലാതെ ഇപ്പോൾ പദ്ധതി പുനരാരംഭിക്കുകയാണ്.
ഡി.ജി.പിയുടെ കത്തിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കാൻ നിർദേശം നൽകാനുള്ള ഒരുക്കത്തിലാണ് സഹകരണ രജിസ്ട്രാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.