ജേക്കബ് തോമസിന് സസ്പെന്‍ഷന്‍; നടപടി സർക്കാറിനെ വിമർശിച്ചതിന്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ വിമർശിച്ചതിന് ഡിജിപി. ജേക്കബ് തോമസിന് സസ്പെന്‍ഷന്‍. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്‍റ് ഇൻ ഗവർമെന്‍റ് (ഐ.എം.ജി) ഡയറക്ടർ സ്ഥാനത്തു നിന്നുമാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻെറ നിർദേശ പ്രകാരമാണ് നടപടി.
ഒാഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവന ജേക്കബ് തോമസ് നടത്തിയിരുന്നു. പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പി.എസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്ന് വിലയിരുത്തലിലാണ് നടപടി. അഖിലേന്ത്യാ സര്‍വീസ് നിയമം 3(1എ) പ്രകാരമാണ് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസഥനായ ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. സംസ്ഥാനതാത്പര്യത്തിന് വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് നീക്കാമെന്ന് ചട്ടത്തില്‍ പറയുന്നു.
കഴിഞ്ഞ ഒമ്പതിന് തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച 'കേരളത്തിലെ ഭരണ സംവിധാനത്തിലുള്ള വിവിധ താൽപര്യങ്ങള്‍' എന്ന വിഷയത്തെ കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കവെയാണ് സർക്കാറിനെതിരെ ആഞ്ഞടിച്ചത്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരന്തത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് കുറ്റപ്പെടുത്തിയിരുന്നു. എത്ര പേര്‍ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് നിയമവാഴ്ചയില്ല. അഴിമതിക്കെതിരെ സംവാദത്തിന് പോലും കേരളത്തില്‍ ഭയമാണ്. പ്രതികരിക്കുന്നവരെ നിശബ്ദനാക്കും. 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശബ്ദരാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
സുതാര്യതയെകുറിച്ച് ഇന്ന് ആരും ഒന്നും പറയുന്നില്ല. അഴിമതിയുടെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഭരണാധികാരികൾക്കും ജനത്തിനും ഇടയിൽ ഒരു മതിലുണ്ട്. വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളുടെ അടുത്തു പോയി ഭരണാധികാരികള്‍ക്ക് നില്‍ക്കാം. സുനാമി ദുരിതാശ്വാസ പാക്കേജിലെ 1,400 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നും ജേക്കബ് തോമസ് ചടങ്ങിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.