ഭൂമി ഇടപാട്: സീറോ മലബാർ സഭയെ പരിഹസിച്ച് ജേക്കബ് തോമസ്
text_fieldsകോഴിക്കോട്: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങൾ 'അരമനകണക്ക്' എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ആകെയുള്ള മൂന്ന് ഏക്കർ ഭൂമിയിൽ രണ്ട് ഏക്കർ 46 സെന്റ് വിറ്റപ്പോൾ ഒമ്പത് കോടി രൂപയാണ് കിട്ടിയതെന്നും എന്നാൽ, 22 കോടി രൂപയാണ് ലഭിക്കേണ്ടതെന്നും പോസ്റ്റിൽ പറയുന്നു. 13 കോടി രൂപ ആധാരത്തിൽ കാണിച്ച ഇടപാടിൽ നഷ്ടം 22 കോടി രൂപയാണ്. സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്നും തിരട്ട് (നികുതി) അഞ്ച് ശതമാനവും കടം വളർച്ചാനിരക്ക് 15 ശതമാനവും ആണെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുന്നു.
കള്ളപ്പണ കണക്ക് ശരിയാക്കുമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അഴിമതി അർബുദമാണെന്നും വഴിയും സത്യവും എവിടേക്കാണെന്ന ചോദ്യവും ഉന്നയിക്കുന്നു.
60 കോടിയുടെ കടം വീട്ടാൻ 75 കോടിയോളം വില വരുന്ന ഭൂമി 28 കോടിക്ക് വിൽക്കുകയും ഇതിൽ 19 കോടി ബാക്കി കിട്ടാനിരിേക്ക ഭൂമി ആധാരം ചെയ്ത് നൽകുകയും ചെയ്ത ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ നടപടിയാണ് വിവാദമായത്. അതിരൂപതക്ക് കോടികളുടെ നഷ്ടമുണ്ടാക്കി കൂടുതൽ സാമ്പത്തിക പ്രതിസന്ധി വരുത്തിവെച്ചവർ എത്ര ഉന്നതരായാലും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികർ രംഗത്തു വന്നു.
ഇതിനിടെ, മാർ ജോർജ് ആലഞ്ചേരിയെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ മദർ തെരേസ ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻ വി.ജെ. ഹൈസിന്തിന്റെ പേരിൽ ഒരു കൂട്ടം വിശ്വാസികളാണ് കത്തയച്ചിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രം വിനിയോഗിക്കാൻ വിദേശ മിഷണറി സംഘം കൈമാറിയ ഭൂമി പോലും കരാർ ലംഘിച്ച് വിൽക്കുകയായിരുന്നു. എന്നാൽ, തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇടനിലക്കാരൻ കരാർ ലംഘിച്ച് ഭൂമി 36 പേർക്കായി വിറ്റു എന്നാണ് അതിരൂപതയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.