പി.വി. അൻവറിന്റെ ആരോപണം: മുഖ്യമന്ത്രി പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsകോട്ടയം: പി.വി. അൻവർ എം.എൽ.എ പൊലീസിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസില്‍വെച്ചാണ് ഡി.ജി.പി മുഖ്യമന്ത്രിയെ കണ്ടത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എന്ത് നടപടിയുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
പൊലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഇന്നലെ തന്നെ മുഖ്യമന്ത്രി ഡി.ജി.പിയോട് റിപ്പോർട്ട് തേടിയതായി സൂചനയുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് ചേർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിൽ മുഖ്യമന്ത്രിക്ക് നൽകേണ്ട റിപ്പോർട്ടിനെക്കുറിച്ച് ചർച്ച നടന്നതായാണ് സൂചന.
മലപ്പുറം ജില്ല പൊലീസ് മേധാവിയിൽ തുടങ്ങി, സംസ്ഥാന പൊലീസ് സേനയുടെ അത്യുന്നതങ്ങളേയും ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഗുരുതര ആരോപണത്തിൽ ഞെട്ടിച്ചാണ് പി.വി അൻവറിന്റെ അസാധാരണ നീക്കമുണ്ടായത്. പൊലീസ് എ.ഡി.ജി.പി അജിത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങൾ ആരോപിച്ച അൻവർ, എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചതോടെ സംസ്ഥാന സർക്കാറും സി.പി.എമ്മും അമ്പരപ്പിലായിരുന്നു.
സംസ്ഥാന പൊലീസ് സംവിധാനത്തെ നിരീക്ഷിച്ച് വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കേണ്ട ചുമതലയുള്ള ശശി വലിയ പരാജയം നേരിട്ടെന്നാണ് അൻവറിന്റെ പ്രധാന ആരോപണം. പരാതികളില്ലാതെ ചുമതല നിർവഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പാർട്ടി ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയോഗിച്ചതെന്നും എന്നിട്ടും പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ പാർട്ടി വിലയിരുത്തി നടപടിയെടുക്കട്ടേയെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെ താൻ പിതാവിന്റെ സ്ഥാനത്താണ് താൻ കാണുന്നതെന്നും അദ്ദേഹത്തിന് പാരവെക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മകനെന്ന നിലയിൽ അത് തടയാൻ താൻ ബാധ്യതനാണെന്നും എം.എൽ.എ പറയുന്നു.
എസ്.പിയായിരിക്കെ ഔദ്യോഗിക വസതിയിലെ ഓഫിസില്‍നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയെന്ന തനിക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പത്തനംതിട്ട എസ്.പി സുജിത് ദാസിന്റെ ഫോൺ സംഭാഷണത്തിലെ കൂടുതൽ ഭാഗങ്ങൾ പുറത്തുവിട്ടാണ് അൻവർ ഇന്നലെ ആരോപണങ്ങൾ ഉന്നയിച്ചത്. ‘‘നിലവിൽ മുഖ്യമന്ത്രിയോട് ഒന്നും നേരിട്ട് പറഞ്ഞിട്ടില്ല. എല്ലാം കലങ്ങി തെളിയുമ്പോൾ നേരിട്ടെത്തി വിശദവിവരങ്ങൾ ധരിപ്പിക്കും. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടും’’ -അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.