ഡി.ജി.പിക്കും ഭാര്യക്കും സഹായത്തിന് 25 പൊലീസുകാർ, പൊലീസ് ഉപദേശകന് 15
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റയുടെ വീട്ടിലും ഓഫിസിലുമായി ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം 25ഓളം പേരുണ്ടെന്ന് പൊലീസ് അസോസിയേഷെൻറ ബദൽ കണക്കുകൾ. ഇതിനുപുറമെ ഡി.ജി.പിയുടെ ഭാര്യയെ സഹായിക്കാൻ വനിത പൊലീസും ക്യാമ്പ് ഫോളവർമാരുമുണ്ട്. ഡി.ജി.പി ഓഫിസിൽ പോയാലും വീട്ടിൽ ആറുപേർ സ്ഥിരമായി ഉണ്ടാകും.
ഓഫിസിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറിനെ കൂടാതെ ഡിവൈ.എസ്.പി റാങ്കിലുള്ള പത്തോളം പേരുണ്ട്. ഇതിന് പുറമെ ഡ്രൈവർമാർ, പേഴ്സനൽ സെക്യൂരിറ്റി, പേഴ്സനൽ അസിസ്റ്റൻറ് തുടങ്ങി നിരവധിപേർ. ഇവരിൽ ഭൂരിഭാഗവും രേഖപ്രകാരമല്ല ഡി.ജി.പിക്കൊപ്പമുള്ളത്. ഭാര്യക്ക് രാവിലെ നടക്കാൻ പോകുമ്പോഴും പുറത്തിറങ്ങുമ്പോഴും സഹായത്തിന് രണ്ട് വനിത പൊലീസുകാരുണ്ടാകും. വീട്ടുസഹായത്തിന് ക്യാമ്പ് ഫോളവർമാരും. എന്നാൽ, ഡി.ജി.പിയുടെ വീട്ടിൽ മാന്യമായ പെരുമാറ്റം ലഭിക്കുന്നതിനാൽ ആർക്കും പരാതിയില്ല.
പൊലീസിെൻറ പ്രവർത്തനം സംബന്ധിച്ച് മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവക്കുമുണ്ട് പതിനഞ്ചോളം പൊലീസുകാർ. അദ്ദേഹത്തിെൻറ വീട്ടിലും മറ്റ് ആവശ്യങ്ങൾക്കുമായാണ് ഇത്രയുംപേരെ നിയോഗിച്ചിരിക്കുന്നത്. കേരള പൊലീസ് അസോസിയേഷെൻറ കണക്കനുസരിച്ച് അഞ്ഞൂറിലേറെ പൊലീസുകാര്‍ ജോലിചെയ്യുന്നത് രാഷ്ട്രീയക്കാരുടെ വീടുകളിലാണ്. വിരമിച്ചവരടക്കം ജഡ്ജിമാര്‍ക്കൊപ്പവും നൂറ്റിയമ്പതിലേറെ പൊലീസുകാരുണ്ട്. എം.പിമാരായ വയലാര്‍ രവി, കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ, കെ.സി. വേണുഗോപാൽ, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ. ഷാനവാസ്, ആേൻറാ ആൻറണി തുടങ്ങിയവര്‍ക്കൊപ്പം രണ്ട് പൊലീസുകാരുള്ളപ്പോള്‍ എ.കെ. ആൻറണിക്കൊപ്പം ആറുപേരുണ്ട്.
വീട്ടിൽ വിശ്രമിക്കുന്ന പി.പി. തങ്കച്ചനുമുണ്ട് രണ്ട് പോലീസുകാരുടെ സംരക്ഷണം. പലരും വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് സേവനം ആവശ്യപ്പെട്ടിരിക്കുന്നത്. ചോദിക്കുന്ന നേതാക്കൾക്കൊക്കെ പൊലീസിനെ നൽകേണ്ടിവന്നതോടെ എ, ബി, സി എന്ന സുരക്ഷ കാറ്റഗറി സേനയിൽ രൂപവത്കരിക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.