എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: വിവാദ നായകനായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ സിവിൽ, ക്രിമിനൽ കേസുകൾ എടുക്കാമെന്ന് ഡി.ജി.പിയുടെ ശിപാർശ. ഇന്റലിജൻസ് മേധാവിയായ എ.ഡി.ജി.പി പി. വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിലാണ് കേസെടുക്കാമെന്ന് ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹിബ് റിപ്പോർട്ട് നൽകിയത്.
കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കള്ളക്കടത്തിൽ എ.ഡി.ജി.പി പി. വിജയന് പങ്കുണ്ടെന്ന് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് തന്നോട് പറഞ്ഞതായി അജിത് കുമാർ മൊഴി നൽകിയിരുന്നു. എന്നാൽ, താൻ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത് പൂർണമായും വ്യാജമാണെന്നും വ്യക്തമാക്കി സുജിത് ദാസ് രംഗത്തുവന്നു. തുടർന്ന് തനിക്കെതിരെ അപകീർത്തികരമായ വ്യാജമൊഴി നൽകിയതിന് അജിത് കുമാറിനെതിരെ കേസെടുക്കണമെന്ന് പി. വിജയൻ പരാതി നൽകിയിരുന്നു. ഈ പരാതിയാണ് ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹിബ് അന്വേഷണം നടത്തി അജിത് കുമാറിനെതിരെ കേസെടുക്കാൻ ശിപാർശ നൽകിയത്.
തൃശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എ.ഡി.ജി.പി പി. വിജയനെതിരായ വ്യാജമൊഴി എന്നീ വിഷയങ്ങളിൽ എം.ആർ അജിത്കുമാർ അന്വേഷണം നേരിടുന്നതിനിടെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.
ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയ ഐ.പി.എസ് സ്ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റത്തിന് അനുമതി നൽകിയത്.
നിലവിൽ ഈ വിഷയങ്ങളിൽ അജിത്കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയെങ്കിലും സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ അജിത്കുമാർ നേരിട്ടിട്ടില്ല.
കൂടാതെ, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്ത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചീറ്റ് നൽകുകയും ചെയ്തിരുന്നു. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് എ.ഡി.ജി.പി അജിത്ത് കുമാറിന് ക്ലീന്‍ ചീറ്റ് ലഭിച്ചത്. വിജിലന്‍സിന്റെ അന്വേഷണത്തില്‍ എം.ആര്‍ അജിത്ത് കുമാര്‍ അഴിമതി നടത്തിയില്ലെന്ന് കണ്ടെത്തുകയായിരുന്നു.
കവടിയാറിലെ അജിത്ത് കുമാറിന്റെ വീട് നിര്‍മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണം കടത്തിലെ ബന്ധം എന്നീ വിഷയങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ആദ്യം ഡി.ജി.പി ആയിരുന്നു അന്വേഷണം നടത്തിയത്. ഇത് പിന്നീട് വിജിലന്‍സിന് കൈമാറുകായായിരുന്നു. അജിത്ത് കുമാറിന്റെ വീട് നിര്‍മാണം വായ്പ എടുത്താണ് നടത്തിയതെന്നും ഫ്‌ളാറ്റ് വില്‍പ്പന നടത്തിയതില്‍ കൃത്രിമത്വം നടത്തിയിട്ടില്ലെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വത്ത് സമ്പാദനം സംബന്ധിച്ച് സര്‍ക്കാറിന് വര്‍ഷാവര്‍ഷം അജിത്ത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കാറുണ്ട്.
മെയ് 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് നിലവില്‍ ആറ് പേരുകളാണ് പരിഗണനയില്‍ ഉള്ളത്. അതില്‍ ആറാമനാണ് എ.ഡി.ജി.പി. അജിത്ത് കുമാര്‍. അതിനിടെയാണ് കേസെടുക്കാമെന്ന് ഡി.ജി.പി തന്നെ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.