ആദ്യം വെടിവെച്ചത് കുപ്പുസ്വാമിയെന്ന് ഡി.ജി.പിയുടെ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: നിലമ്പൂരില്‍ നടന്ന മാവോവാദിവേട്ടയുമായി ബന്ധപ്പെട്ട് പൊലീസിനെ ന്യായീകരിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. മാവോവാദികള്‍ പൊലീസിനെ ആക്രമിച്ചതുകൊണ്ടാണ് പ്രത്യാക്രമണം നടത്തേണ്ടിവന്നതെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് കൈമാറി.
റിപ്പോര്‍ട്ടിലെ മുഖ്യപരാമര്‍ശങ്ങള്‍ ഇവയാണ്: സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗം കുപ്പു സ്വാമിയാണ് (കുപ്പു ദേവരാജ്) പൊലീസ്സംഘത്തിനുനേരെ ആദ്യം വെടിവെച്ചത്. നീണ്ടനാളത്തെ നിരീക്ഷണത്തിനൊടുവിലാണ് മാവോവാദിസംഘത്തിലേക്ക് എത്താന്‍ കഴിഞ്ഞത്. നവംബര്‍ ആദ്യം കേരള, തമിഴ്നാട്, കര്‍ണാടക പൊലീസ് സേനകള്‍ സംയുക്തമായി നടത്തിയ തിരച്ചിലില്‍ മാവോവാദികളുടെ ക്യാമ്പിന് തൊട്ടടുത്തത്തൊന്‍ സാധിച്ചിരുന്നു. പക്ഷേ, പൊലീസ് നീക്കം മനസ്സിലാക്കിയ മാവോവാദികള്‍ മറ്റ് കേന്ദ്രങ്ങളിലുള്ള സംഘാംഗങ്ങള്‍ക്ക് വിവരം കൈമാറി.
ഈ ഫോണ്‍സന്ദേശം ചോര്‍ത്താനായതോടെയാണ് ക്യാമ്പ് എവിടെയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മനസ്സിലാക്കിയത്. ക്യാമ്പിനടുത്ത് പൊലീസ് എത്തിയെന്ന് മനസ്സിലാക്കിയതോടെ കുപ്പു സ്വാമിയാണ് ആദ്യം പൊലീസിനുനേരെ വെടിവെച്ചത്. കൈത്തോക്കില്‍നിന്ന് രണ്ടുതവണ നിറയൊഴിച്ചു. ഒരുതവണ ലക്ഷ്യം പിഴച്ചു. ഈ സമയത്താണ് പൊലീസ് തിരിച്ചടിച്ചത്. ബാലസ്റ്റിക് പരിശോധനയില്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഡി.ജി.പി വിശദീകരിക്കുന്നു.
നവംബര്‍ 24ന് നടന്ന വെടിവെപ്പില്‍ കുപ്പു ദേവരാജിനൊപ്പം മാവോവാദി അജിതയും കൊല്ലപ്പെട്ടു. ഇരുവരുടെയും ദേഹത്ത് 26 വെടിയുണ്ടകള്‍ ഏറ്റിരുന്നു. ഇത് നിരായുധര്‍ക്കുനേരെ നടന്ന ഏകപക്ഷീയ വെടിവെപ്പിന്‍െറ സൂചനയാണെന്ന വിമര്‍ശനത്തിന് ഇടയാക്കി. ഭരണമുന്നണിയില്‍നിന്നുതന്നെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. ഇതിനിടെയാണ് പൊലീസ്ഭാഗം ന്യായീകരിക്കുന്ന റിപ്പോര്‍ട്ട് ഡി.ജി.പി കൈമാറിയത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം റിപ്പോര്‍ട്ട് പരിഗണിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.