തൊണ്ടിമുതൽ നശിപ്പിക്കപ്പെടാതിരിക്കാൻ നിരീക്ഷണം വേണമെന്ന് ഡി.ജി.പിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: കേസ് അന്വേഷണ ഭാഗമായി പൊലീസിന് ലഭിക്കുന്ന തൊണ്ടിമുതലുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിമാരും നിരന്തരം നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് ഡി.ജി.പി അനിൽകാന്ത് ഉത്തരവായി.
സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികളെ സി.ബി.ഐ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച വിധി പ്രകാരം എ.ഡി.ജി.പി മുതൽ എസ്.പിവരെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പി കത്തയച്ചിട്ടുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ജോമോൻ പുത്തൻപുരയ്ക്കലിന് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ടി. മൈക്കിളും ഡിവൈ.എസ്.പിയായിരുന്ന കെ. സാമുവലും ചേർന്ന് സിസ്റ്റർ അഭയയുടെ തൊണ്ടിമുതലുകൾ നശിപ്പിച്ച് കളഞ്ഞെന്ന് 2020 ഡിസംബർ 23ന് അഭയ കേസിലെ പ്രതികളെ സി.ബി.ഐ കോടതി ശിക്ഷിച്ച ഉത്തരവിലെ 206ാം പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭാവിയിൽ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.