സെൻകുമാർ വീണ്ടും നിയമ യുദ്ധത്തിന്
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാർ സർക്കാറിനെതിരെ വീണ്ടും നിയമയുദ്ധത്തിന്. പൊലീസ് ആസ്ഥാനം എ.ഐ.ജി.പി.ജി വി. ഗോപാൽകൃഷ്ണെൻറ പരാതിയിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതികൊടുത്ത ആഭ്യന്തരവകുപ്പിെൻറ തീരുമാനത്തിനെതിരെ സെൻകുമാർ കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ തനിക്കുള്ളൂവെന്നും സർക്കാർ തനിക്കെതിരെ നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കിൽ താൻ ഭീഷ്മരല്ലെന്നും ശിഖണ്ഡിയെ കാണുമ്പോൾ ആയുധം താഴെവെക്കില്ലെന്നും സെൻകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
നേരത്തേയും ഇത്തരം അനുഭവങ്ങൾ നേരിട്ട വ്യക്തിയാണ് താൻ. അന്ന് കോടതി തെൻറ വാദങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഉയർന്നിട്ടുള്ള പരാതി സംബന്ധിച്ച് വ്യക്തമായ തെളിവുകളും രേഖകളും തെൻറ പക്കലുണ്ട്. അതുകൊണ്ട് ആരെയും പേടിക്കാനില്ലെന്നും നിയമപരമായി നേരിടുമെന്നും സെൻകുമാർ വ്യക്തമാക്കി.
ഗോപാൽകൃഷ്ണെൻറ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് സെൻകുമാറിനെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്.
പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായിരുന്ന കാലത്ത് സെൻകുമാർ മാനസികമായി പീഡിപ്പിക്കുകയും തനിക്കെതിരെ വ്യാജ റിപ്പോർട്ടുകൾ ഉണ്ടാക്കിയെന്നുമാണ് ഗോപാൽ കൃഷ്ണെൻറ ആരോപണം. ഇതുസംബന്ധിച്ച് 2012ൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്ക് പരാതി നൽകിയെങ്കിലും പൊലീസ് മേധാവിയായ സെൻകുമാറിനെതിരെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു സർക്കാർ. തുടർന്ന് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ സെൻകുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കിയെങ്കിലും സുപ്രീംകോടതിവിധിയിലൂടെ അദ്ദേഹം വീണ്ടും തിരിച്ചെത്തുകയായിരുന്നു. ഇതോടെയാണ് വീണ്ടും പരാതിയുമായി ഗോപാൽകൃഷ്ണൻ മുഖ്യമന്ത്രിയെ സമീപിച്ചത്.
അതേസമയം, ഗോപാൽകൃഷ്ണനെ മുൻനിർത്തി തനിക്കെതിരെ കരുക്കൾ നീക്കുന്നത് സർക്കാറാണെന്ന ധാരണയിലാണ് സെൻകുമാർ. ഇതുമുന്നിൽകണ്ട് അദ്ദേഹം കരുക്കൾ നീക്കുന്നതായാണ് വിവരം. സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ മേയ് ആറിനാണ് സെൻകുമാർ വീണ്ടും പൊലീസ് മേധാവിയാകുന്നത്. സർക്കാറുമായി പോരാട്ടത്തിനില്ലെന്നും ജനക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുമെന്നുമായിരുന്നു അന്ന് സെൻകുമാർ പ്രതികരിച്ചത്. പക്ഷേ, ഡി.ജി.പി കസേരയിൽ അദ്ദേഹത്ത വരിഞ്ഞുമുറുക്കുന്ന നടപടികളാണ് ആഭ്യന്തരവകുപ്പിൽനിന്നുണ്ടാകുന്നത്. ഇതിൽ അദ്ദേഹം അസ്വസ്ഥനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.