ഡി.ജി.പിയുടെ ഭൂമി ഇടപാട്: കേസും പരാതിയും സർക്കാർ പരിശോധിക്കുന്നു
text_fieldsതിരുവനന്തപുരം: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഡി.ജി.പി എസ്. ദർവേശ് സാഹിബിനും ഭാര്യക്കും എതിരായ കോടതി വിധിയും ബന്ധപ്പെട്ട പരാതിയും സർക്കാർ പരിശോധിക്കുന്നു. ഡി.ജി.പിയും ഭാര്യയും കരാർ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് കരാറിൽ ഉൾപ്പെട്ട വ്യക്തി മുഖ്യമന്ത്രിക്ക് കഴിഞ്ഞ മാസം ഓൺലൈനായി പരാതി നൽകിയിരുന്നു. ഇത് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി പരിശോധിക്കുമെന്ന മറുപടിയാണു ലഭിച്ചത്. ഇതേ ആവശ്യവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ സമീപിച്ച കാര്യവും പരാതിക്കാരൻ വെളിപ്പെടുത്തി. ഗുരുതര സ്വഭാവമുള്ള പരാതി പരിഗണനയിലിരിക്കെയാണ് കഴിഞ്ഞയാഴ്ചയിലെ മന്ത്രിസഭായോഗം ഡി.ജി.പിക്ക് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയത്.
സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഇത്ര ഗുരുതര പരാതി വരുന്നതും കോടതിയുടെ ഇടപെടലുണ്ടാകുന്നതും അസാധാരണമാണ്. ആഭ്യന്തര വകുപ്പിനെതിരെ പാർട്ടി യോഗങ്ങളിലും പുറത്തും വലിയ വിമർശനങ്ങൾ ഉയരുമ്പോഴാണ് പൊലീസ് മേധാവിതന്നെ വഞ്ചനക്കേസിൽ പ്രതിക്കൂട്ടിലാകുന്നത്. ബാധ്യത മറച്ചുവെച്ചത് വഞ്ചനക്കുറ്റം ചുമത്താവുന്ന നടപടിയാണ്. പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടി വരുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആദായനികുതി വകുപ്പിന്റെ മാർഗരേഖ മറികടന്ന് സ്വന്തം ചേംബറിൽ വെച്ച് അഞ്ചു ലക്ഷം രൂപ നേരിട്ട് കൈപ്പറ്റിയതും കുറ്റമാണ്. ഡി.ജി.പിയുടെ ക്രമക്കേടിനെ കുറിച്ച് പരാതി നേരത്തേ ലഭിച്ചിട്ടും അനങ്ങാത്ത മുഖ്യമന്ത്രിക്കും ഉത്തരവാദിത്തത്തിൽനിന്നൊഴിയാനാകില്ല. പരാതിക്കാരനായ പ്രവാസിക്ക് മുഴുവൻ തുകയും തിരിച്ച് നൽകി പരാതി ഒത്തു തീർപ്പാക്കി മുഖം രക്ഷിക്കാനാണ് നീക്കം.
ഡി.ജി.പിയുടെ ഭാര്യ എസ്. ഫരീദ ഫാത്തിമയുടെ പേരിൽ പേരൂർക്കട വില്ലേജിൽ വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത് ഉള്ള 10.8 സെന്റ് ഭൂമി വിൽക്കാനാണ് 2023 ജൂൺ 22ന് വഴുതക്കാട് ഡി.പി.ഐ ജങ്ഷനു സമീപം ടി. ഉമർ ഷെരീഫുമായി കരാർ ഒപ്പിട്ടത്. ഇതിൽ രണ്ടു സാക്ഷികളിലൊരാൾ ഡി.ജി.പിയാണ്. അസ്സൽ ആധാരം ലഭിക്കാതെ വന്നതോടെ, 26 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത ഉണ്ടെന്നു മനസ്സിലാക്കി കരാർ ലംഘനം ആരോപിച്ച് പണം തിരികെ ചോദിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നെന്ന് ഉമർ ഷെരീഫ് പറയുന്നു. തുടർന്നാണു വ്യവസ്ഥകളോടെ ഭൂമി ജപ്തി ചെയ്യാൻ തിരുവനന്തപുരം അഡീഷനൽ സബ് കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.