ഉന്നതരുമായി ഡി.ജി.പിയുടെ കൂടിക്കാഴ്ച; പൊലീസിനെതിരായ ആരോപണവും വിവാദവും ഹൈകോടതി വിമർശനങ്ങളുമടക്കം ചർച്ചയായി
text_fieldsതൃശൂർ: ഉന്നത പൊലീസുദ്യോഗസ്ഥരുമായി തൃശൂരിൽ ഡി.ജി.പി അനിൽകാന്ത് കൂടിക്കാഴ്ച നടത്തി. സിറ്റി പൊലീസ് കമീഷണറേറ്റിലായിരുന്നു ചർച്ച. ക്രമസമാധാന ചുമതലയുള്ള അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എം.ആർ. അജിത് കുമാർ, ഉത്തരമേഖല ഐ.ജിയുടെ അധികചുമതല വഹിക്കുന്ന കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ. അക്ബർ, തൃശൂർ മേഖല ഡി.ഐ.ജിയുടെ അധിക ചുമതലയുള്ള എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവർ പങ്കെടുത്തു.
സമീപകാലത്ത് പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങളും വിവാദങ്ങളും ഹൈകോടതി വിമർശനങ്ങളുമടക്കം ഡി.ജി.പി ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചു. പൊലീസിനെക്കുറിച്ച പരാതി ഒഴിവാക്കലിന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയും ഡി.ജി.പി നിർദേശിച്ചു. സിറ്റി പൊലീസ് ജില്ലയിലെ ക്രമസമാധാനം, പൊലീസ് നവീകരണം, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് കമീഷണർ ആർ. ആദിത്യ വിശദീകരിച്ചു. തൃശൂർ സിറ്റി കൺട്രോൾ റൂമിൽ സജ്ജീകരിച്ച സി.സി.ടി.വി നിരീക്ഷണ സംവിധാനം ഡി.ജി.പി പരിശോധിച്ചു. പദ്ധതി മാതൃകാപരമാണെന്നും ഇത് സംസ്ഥാനവ്യാപകമായി നടപ്പാക്കാനുദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.
കോർപറേഷനും പൊലീസും വ്യാപാരികളും കേബിൾ ടി.വി ഓപറേറ്റർമാരും സംയുക്തമായാണ് തൃശൂർ നഗരത്തിൽ സി.സി.ടി.വി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയത്. കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും സി.സി.ടി.വി നിരീക്ഷണ സംവിധാനം വളരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഡി.ജി.പി പറഞ്ഞു. കാമറ നിരീക്ഷണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സിവിൽ പൊലീസ് ഓഫിസർമാരായ രജത് സി. സുരേഷ്, ഒ.ആർ. അഖിൽ, ഐ.ആർ. അതുൽ ശങ്കർ, ജിതിൻ രാജ്, പി. ജിതിൻ, പി.എം. അഭിബിലായ് എന്നിവരെ ഡി.ജി.പി പ്രശംസ പത്രം നൽകി ആദരിച്ചു.
സിറ്റി പൊലീസ് നടപ്പാക്കിയ സെന്റർ ഫോർ എംപ്ലോയീ എൻഹാൻസ്മെന്റ് ആൻഡ് ഡെവലപ്മെന്റ് (സി.ഇ.ഇ.ഡി) സംവിധാനം പൊലീസുദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇന്റസ്ട്രീസ് (എഫ്.ഐ.സി.സി.ഐ) ഏർപ്പെടുത്തിയ ദേശീയ സ്മാർട്ട് പൊലീസിങ് അവാർഡ് കരസ്ഥമാക്കിയ പദ്ധതിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.