ഡി.ജി.പിയുടെ ഉത്തരവുകൾ പ്രഹസനമാകുന്നു; സേനയിൽ പ്രതിഷേധം ശക്തം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പൊലീസ് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുകൾ പ്രഹസനമാകുന്നതായി ആക്ഷേപം. വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ സേനാംഗങ്ങൾ ഇക്കാര്യം ഉന്നയിക്കുന്നു.
ജീവിതശൈലീരോഗങ്ങൾ അടക്കമുള്ള 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ശ്രമകരമായ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണമെന്ന് മേയ് 16ന് ഡി.ജി.പി ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പാക്കാൻ പല ജില്ല പൊലീസ് മേധാവിമാരും തയാറില്ല.
ഇതിനുദാഹരണമാണ് കോവിഡ് ബാധിച്ച് മരിച്ച ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എസ്.ഐ അജിതൻ (55). ഹൃദയസംബന്ധമായ അസുഖം തനിക്കുണ്ടെന്ന് മേലധികാരികളെ അറിയിച്ചിട്ടും കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയില്ലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.
അജിതെൻറ മരണത്തെ തുടർന്ന് 50 വയസ്സ് കഴിഞ്ഞ പൊലീസുകാരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നാവശ്യപ്പെട്ട് ശനിയാഴ്ച ഡി.ജി.പി വീണ്ടും സർക്കുലർ ഇറക്കിയെങ്കിലും ഞായറാഴ്ചയും പലർക്കും ക്രിട്ടിക്കൽ കണ്ടയ്ൻമെൻറ് സോണിലടക്കം പണിയെടുക്കേണ്ടിവന്നു.
ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപേര്‍ക്ക് വിശ്രമം നല്‍കും വിധം ജോലി പുനഃക്രമീകരിക്കണമെന്ന് രണ്ടുതവണ ഡി.ജി.പി നിർദേശം നൽകിയെങ്കിലും നടപ്പായില്ല.
പതിവ് വാഹനപരിശോധന, നിസ്സാര കാര്യങ്ങള്‍ സംബന്ധിച്ച അറസ്റ്റ് എന്നിവ ഒഴിവാക്കണമെന്ന നിർദേശവും അവഗണിക്കപ്പെട്ടു. മാസ്ക് ധരിക്കാത്തതിനും വാഹനം പിടിച്ചെടുത്ത് പെറ്റി ഈടാക്കുന്നതിനും പ്രത്യേക േക്വാട്ടയാണ് ദിവസവും എസ്.പിമാർ സ്റ്റേഷനിൽ വിളിച്ചുനൽകുന്നത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി അടക്കം 11 പൊലീസുകാർക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.