ഡി.ജി.പിയുടെ രഹസ്യകത്ത് ചോർന്ന സംഭവം; അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: കോഫെപോസ നിയമപ്രകാരമുള്ള കരുതൽ തടങ്കലുമായി ബന്ധപ്പെട്ട സംസ്ഥാന പൊലീസ് മേധാവിയുടെ രഹസ്യകത്ത് ചോർന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ഹൈകോടതി.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചില പ്രതികളെ കരുതൽ തടങ്കലിലാക്കാൻ മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ടിന് അയച്ച രഹസ്യകത്ത് ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കി നവംബർ 28ന് റിപ്പോർട്ട് നൽകണമെന്നും ഡി.ജി.പിക്ക് കോടതി നിർദേശം നൽകി.
കോഫെപോസ നിയമപ്രകാരം മലപ്പുറം കാവനൂർ സ്വദേശിയായ ഫസലു റഹ്മാൻ ഉൾപ്പെടെ ചിലരെ കരുതൽ തടങ്കലിലാക്കാനുള്ള കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ ഉത്തരവാണ് വിവരം ചോർന്നത് മൂലം നടപ്പാക്കാനാകാതെ പോയത്. വിവരം ചോർന്നുകിട്ടിയ ഫസലു റഹ്മാൻ ഒളിവിലിരുന്നുകൊണ്ട് തനിക്കെതിരായ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. ഡി.ജി.പി മലപ്പുറം എസ്.പിക്ക് 'സീക്രട്ട്' എന്ന മേൽക്കുറിപ്പോടെ എഴുതിയ കത്തിന്റെ പകർപ്പും ഹരജിക്കൊപ്പം ഹാജരാക്കി. ഡി.ജി.പി രഹസ്യമെന്ന് വ്യക്തമാക്കി മലപ്പുറം എസ്.പിക്ക് നൽകിയ കത്ത് പ്രതി ഹാജരാക്കിയത് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് ഹൈകോടതി പൊലീസിന്റെ വിശദീകരണം തേടി.
മറ്റൊരു പ്രതിയുടെ കരുതൽ തടങ്കൽ നടപ്പാക്കുന്ന സമയത്ത് ആ ഉത്തരവിനൊപ്പം സബ് ഇൻസ്‌പെക്ടർ രഹസ്യകത്തിന്റെ പകർപ്പും അബദ്ധത്തിൽ കൈമാറിയെന്നും അയാളിൽനിന്നാണ് ഫസലു റഹ്മാന് കത്തിന്റെ പകർപ്പ് ലഭിച്ചതെന്നുമായിരുന്നു മലപ്പുറം എസ്.പിയുടെ രേഖാമൂലമുള്ള വിശദീകരണം. ഇതിനിടെ ഹരജി പിൻവലിക്കാനുള്ള ഫസലു റഹ്മാന്‍റെ ആവശ്യം അനുവദിച്ചെങ്കിലും രഹസ്യകത്ത് ചോർന്ന വിവരം അന്വേഷിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.