ധനലക്ഷ്മി ബാങ്ക്: ഉപജാപങ്ങളടക്കം പുറത്തുകൊണ്ടുവരണമെന്ന് 'ബെഫി'
text_fieldsതൃശൂർ: ധനലക്ഷ്മി ബാങ്ക് എം.ഡിയും സി.ഇ.ഒയും ആയിരുന്ന സുനിൽ ഗുർബക്സാനിയെ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം വോട്ടിങ്ങിലൂടെ പുറത്താക്കിയതിന് പിന്നിലെ ഉപജാപങ്ങളടക്കം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) കേരള ഘടകം റിസർവ് ബാങ്കിന് കത്തയച്ചു.
എം.ഡി പുറത്താവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് റിസർവ് ബാങ്ക് നിർദേശപ്രകാരം ചീഫ് ജനറൽ മാനേജർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട പി. മണികണ്ഠനെതിരെ വിശദ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. വാർഷിക പൊതുയോഗവുമായി ബന്ധപ്പെട്ട ചരടുവലികളടക്കം വിശദമാക്കിയാണ് കത്ത്.
ചെയർമാൻ, എം.ഡി എന്നിവർക്ക് മുകളിൽ ചില ഓഹരിയുടമകളുടെ അനുഗ്രഹാശിസുകളോടെ അധികാര കേന്ദ്രമായിരുന്നയാളാണ് സി.ജി.എം. എതിർക്കുന്നവരെ പുറത്താക്കുന്നതായിരുന്നു രീതി. അദ്ദേഹത്തിന് പങ്കുള്ള പല ക്രമക്കേടുകളെയും കുറിച്ച് റിസർവ് ബാങ്കിനെ പല ഘട്ടങ്ങളിൽ പലരും അറിയിച്ചതാണ്. അതെല്ലാം റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒതുക്കി.
വോട്ടെടുപ്പിന് പിന്നിൽ ബാങ്കിലെ നാല് പ്രധാന ഓഹരിയുടമകളാണ്. 77,000 ഓഹരി ഉടമകളിൽ 154 പേർ മാത്രമാണ് ഇ-വോട്ടെടുപ്പിൽ പങ്കെടുത്തത്. 42 പേരാണ് എം.ഡിക്ക് എതിരെ വോട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.