ധരാവി കരാര്‍: അദാനിക്ക് ലഭിക്കാൻ മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് കെ. സഹദേവൻ
text_fieldsതൃശൂർ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധരാവി പുതുക്കി നിർമിക്കുന്നതിനുള്ള കരാര്‍ ഗൗതം അദാനിക്ക് ലഭിക്കാൻ മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് സാമൂഹിക ശാസ്ത്രജ്ഞൻ കെ. സഹദേവൻ. ആവശ്യമായ സാങ്കേതിക അനുഭവം 'കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 25 ദശലക്ഷം ചതുരശ്ര അടി നിർമിച്ചിരിക്കണം' എന്നതില്‍ നിന്ന് 'കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ആറ് ദശലക്ഷം ചതുരശ്ര അടി' എന്നാക്കി മാറ്റി സഹദേവൻ ചൂണ്ടിക്കാട്ടി.
സാമ്പത്തിക പങ്കാളിക്ക് 1.4 ദശലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ റിയാലിറ്റി അനുഭവം ആവശ്യമാണ് എന്ന് നിശ്ചയിച്ചതിലൂടെ സെക്ലിങ്ങിനെ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കി. നെറ്റ് വര്‍ത്ത് 10,000 കോടി അല്ലെങ്കില്‍ തത്തുല്യമായത് എന്നത് 20,000 കോടി രൂപ എന്നാക്കി മാറ്റി. ഇതും അദാനിക്ക് അനുകൂലമായ തീരുമാനമായിരുന്നു.
ബിഡ് പേയ്‌മെന്റ് തുക 'ഒറ്റത്തവണ ബുള്ളറ്റ് പേയ്മെന്റ്' എന്നതില്‍ നിന്ന് 'ഗഡുക്കളായി അടക്കണം' എന്നതിലേക്ക് മാറ്റി. ചേരി പുനര്‍ വികസിപ്പിച്ചെടു ക്കുന്നതിനുള്ള സമയപരിധി ഇപ്പോള്‍ ഏഴ് വര്‍ഷമായി ക്രമീകരിച്ചിരിക്കുന്നു.
പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 70 ദശലക്ഷം ചതുരശ്ര അടി വസ്തുവില്‍, ഏകദേശം 50% ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ കഴിയും. കാലതാമസത്തിനുള്ള പിഴ പ്രതിവര്‍ഷം രണ്ട് കോടി രൂപ മാത്രമായി പരിമിതപ്പെടുത്തി. അദ്ദേഹത്തിന്റെ ജന്മദിന സമ്മാനമായിട്ടാണ് കരാർ നല്‍കിയത്. ഒമ്പത് ലക്ഷം ആളുകള്‍ താമസിക്കുന്ന, 590 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ധരാവി 23,000 കോടി രൂപക്ക് പുതുക്കിപ്പണിയുന്ന കരാറാണ് അദാനിക്ക് നല്‍കിയത്.
2018-ലാണ് ബി.ജെ.പി സർക്കാർ ഈ പദ്ധതി പുനരവതരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ലേത്തില്‍ സെക്ലിങ്ക് ടെക്‌നോളജീസ് ഏറ്റവും ഉയര്‍ന്ന തുകക്ക് കരാര്‍ ഏറ്റെടുക്കുകയായിരുന്നു. 2019ല്‍ പക്ഷേ, സെക്ലിങ്ങുമായി ഡി.പി.ആർ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുകയും പ്രത്യേക കാരണമൊന്നും കൂടാതെ കരാര്‍ റദ്ദാക്കുകയും ചെയ്തു.
2022ല്‍ ഏകനാഥ് ഷിന്‍ഡെ വിഭാഗവുമായി ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയും ഫഡ്നാവിസ് നഗരവികസന മന്ത്രിയാകുകയും ചെയ്തു. ഇതോടെ പുതിയ ടെന്‍ഡര്‍ പുറപ്പെടുവിച്ചു. ഇത്തവണ ടെന്‍ഡറിലെ പല മാനദണ്ഡങ്ങളും തിരുത്തി നിശ്ചയിക്കുകയും അദാനിക്ക് കരാര്‍ ലഭ്യമാകുന്ന തരത്തില്‍ പരിഷ്‌കരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.