ദലിത് കോൺഗ്രസ് എതിർപ്പിനിടെ ധർമജൻ വീണ്ടും ബാലുശ്ശേരിയിൽ; സ്ഥാനാർഥിത്വം ഉറപ്പിച്ച് കോൺഗ്രസ് പ്രാദേശിക നേതൃത്വം
text_fieldsബാലുശ്ശേരി (കോഴിക്കോട്): യു.ഡി.എഫ് സ്ഥാനാർഥിയാവുന്നതിൽ ദലിത് കോൺഗ്രസിെൻറ എതിർപ്പ് നിലനിൽക്കെ, സിനിമ നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും ബാലുശ്ശേരിയിലെത്തി. സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ പരിഗണിക്കുന്നവരുടെ പട്ടികയിൽ ധർമജെൻറ പേരും ചർച്ചയായിരിക്കെയാണ് അദ്ദേഹം വീണ്ടും ബാലുശ്ശേരിയിലെത്തിയത്.
വിവാഹവീടുകളിലും പൊതുപരിപാടികളിലും പങ്കെടുത്തുകൊണ്ടാണ് മണ്ഡലത്തിൽ ധർമജൻ സാന്നിധ്യം സജീവമാക്കുന്നത്. തിങ്കളാഴ്ച എസ്റ്റേറ്റ്മുക്കിലെ മൊകായിൽ സിനിമ രംഗത്തെ സുഹൃത്തിെൻറ വീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് ധർമജൻ എത്തിയത്.
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തോടുള്ള അവഗണനക്കെതിരെ കോൺഗ്രസ് പ്രവർത്തകനായ മനോജ് കുന്നോത്ത് ചൊവ്വാഴ്ച നടത്തുന്ന 48 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നതും ധർമജനാണ്. ജനുവരി 26ന് മണ്ഡലത്തിലെ അത്തോളി, കോട്ടൂർ പഞ്ചായത്തുകളിലെ വിവിധ പരിപാടികളിലും ധർമജൻ പങ്കെടുത്തിരുന്നു. ഇന്നലെ വീണ്ടും ബാലുശ്ശേരിയിലെത്തിയതോടെ ധർമജെൻറ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം.
എന്നാൽ, ദലിത് കോൺഗ്രസ് ജില്ല നേതൃത്വം തുടക്കത്തിൽ തന്നെ പ്രതിഷേധമുയർത്തിയിട്ടുണ്ട്. എവിടെയായാലും കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം. ബാലുശ്ശേരിയിലെ സൗഹൃദങ്ങൾ കാരണമാണ് ഇവിടെ മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ, അന്തിമ തീരുമാനം എ.ഐ.സി.സിയാണ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.