രോഗപ്രതിരോധവും പുണ്യമാണ്
text_fieldsലോക്ഡൗണിൽ കുടുങ്ങിയ റമദാൻ മാസമാണിത്. ഇങ്ങനെയൊരനുഭവം നമുക്കുണ്ടായിട്ടില്ല. പറഞ്ഞു കേട്ടിട്ടുമില്ല. ലോകമാകെ ഒരു മഹാമാരി പടർന്നുപിടിക്കുക. അതിെൻറ ഫലമായി എല്ലാവരും വീട്ടിൽ തന്നെ കഴിഞ്ഞുകൂടുക. ആരാധനാലയങ്ങൾ പോലും അടച്ചിടേണ്ടിവരുക. അതിനിടയിൽ പള്ളിയിൽപോലും പോവാൻ കഴിയാത്ത അവസ്ഥയിൽ ഇൗ റമദാനിലെ വ്രതാനുഷ്ഠാനം വിശ്വാസികൾക്ക് വളരെ പ്രയാസം തന്നെയാണ്. എന്തുചെയ്യാൻ, ഇതൊന്നും മനുഷ്യന് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളല്ലല്ലോ.
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നാണ് റമദാനിലെ വ്രതം. വ്രതകാലത്തെ ആരാധനകൾക്ക് എഴുന്നൂറിരട്ടിവരെ പ്രതിഫലമുണ്ടെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആരാധനകൾ സജീവമാക്കാൻവിശ്വാസികൾ പള്ളികളിൽ ഏറെ സമയം ചെലവഴിക്കുന്നത്. അത് സാധിക്കാതെ വരുേമ്പാൾ സാഹചര്യത്തിനനുസരിച്ച് കഴിയുന്ന വിധം കാര്യങ്ങൾ പൂർത്തിയാക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ മനുഷ്യെൻറ ഉദ്ദേശ്യശുദ്ധിയാണ് പടച്ചവൻ പരിഗണിക്കുക.
ആരോഗ്യത്തോടെ സ്വദേശത്ത് താമസിക്കെ നല്ല കാര്യങ്ങൾ ചെയ്തിരുന്നയാൾക്ക് അസുഖം കാരണമോ യാത്രകാരണമോ അതൊന്നും ചെയ്യാൻ സാധിക്കാതെ വന്നാലും അത് പ്രവർത്തിച്ച പ്രതിഫലം ലഭിക്കുമെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടേതല്ലാത്ത കാരണങ്ങളാൽ ഉണ്ടായ പ്രത്യേക സാഹചര്യത്തിൽ അമിതഭക്തി കാണിക്കാനായി ആരും പള്ളികളിലേക്ക് ഒാടേണ്ടതില്ല. സാമൂഹിക അകലം പാലിക്കുകയെന്ന ആരോഗ്യസുരക്ഷനിയമം പാലിക്കാൻ പള്ളികളിലെ സംഘടിത നമസ്കാരം നടത്തുന്നവർക്കാവില്ല. നിയമപാലകരുടെ കണ്ണുവെട്ടിച്ച് ഒളിഞ്ഞും പാത്തും ജുമുഅ നടത്തിയവർ ചെയ്യുന്നത് സാമൂഹികദ്രോഹമാണെന്ന് പറയാതെ വയ്യ.
‘നിങ്ങൾക്ക് കഴിയുന്നത്ര അല്ലാഹുവിനെ സൂക്ഷിക്കുക’ എന്നാണ് ഖുർആൻപാഠം. പ്രതികൂല സാഹചര്യങ്ങളിൽ ഉദ്ദേശ്യശുദ്ധിയോടെ നിയമം പാലിച്ചുകൊണ്ടുള്ള മതജീവിതം പാലിക്കാൻ നാം പരിശീലിച്ചേ മതിയാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.