ആത്മവിശ്വാസം എന്ന ആയുധം
text_fieldsമനുഷ്യരാശി നേരിട്ടുകൊണ്ടിരിക്കുന്ന ഇൗ മഹാമാരിയുടെ വിപത്തിൽനിന്ന് വളരെവേഗം പുറത്തുകടക്കാനാകുമെന്ന് കരുതാൻ വയ്യ. ഇനി ലോകം കോവിഡിനു മുമ്പുള്ള സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവരുകയില്ല എന്നകാര്യം തീർച്ചയായിക്കഴിഞ്ഞു. പകരം ഒരു പുതു പതിവ് (new normal) ആണ് രൂപപ്പെട്ടുവരുകയെന്നാണ് പൊതുനിരീക്ഷണം. ആ പുതു പതിവിനെ അഭിമുഖീകരിക്കാനും അതിജീവിക്കാനുമുള്ള കഴിവാർജിക്കാനുള്ള അവസരമാണ് ലോക്ഡൗൺ കാലം. വ്യക്തികളും സമുദായങ്ങളും രാഷ്ട്രങ്ങളും മാത്രമല്ല കമ്പനികളും പാർട്ടികളും പ്രസ്ഥാനങ്ങളും ദീർഘവീക്ഷണത്തോടെ അതിന് ഗൃഹപാഠം ചെയ്യേണ്ടിവരും. നേരിയ അശ്രദ്ധയോ പാകപ്പിഴവോ നമ്മെ ബഹുദൂരം പിറകോട്ടുതള്ളും.
പ്രതിസന്ധിഘട്ടം വരുമ്പോൾ പ്രതീക്ഷ പുലർത്തുന്നവർക്കേ അതിജീവിക്കാൻ കഴിയൂ. നാളെയിൽനിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലാത്തവൻ ജീവിച്ചിരുന്നിട്ടെന്ത് കാര്യം? നാളെ സമുഹത്തിന് ഒന്നും നൽകാനില്ലാത്തവൻ ജീവിച്ചിട്ട് ലോകത്തിനെന്ത് കാര്യം? പ്രതീക്ഷയില്ലാത്തവന് ആത്മവിശ്വാസമുണ്ടാകില്ല. ആത്മവിശ്വാസമില്ലെങ്കിൽ വ്യക്തികൾക്ക് മാത്രമല്ല സമൂഹങ്ങൾക്കും പ്രതിരോധശക്തി ഇല്ലാതാകും.
അനുചരനായ അനസിബ്നു മാലിക് ഉദ്ധരിക്കുന്ന മുഹമ്മദ് നബിയുടെ ഒരു വചനമുണ്ട്. “ലോകാവസാനം വരുന്ന ഘട്ടത്തിൽ നിങ്ങളിലൊരാളുടെ കൈവശം ഒരു ഈന്തപ്പനത്തൈ ഉണ്ടെങ്കിൽ ആ തൈ നടുകതന്നെയാണ് അയാൾ ചെയ്യേണ്ടത്’’. ഭൗതികമായ കണക്കുകൂട്ടലിൽ പ്രതീക്ഷ പുലർത്താൻ ഒരു കാരണവും കാണുന്നില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ സ്വധർമം അനുഷ്ഠിക്കണമെന്നാണ് ഈ നബിവചനത്തിെൻറ പാഠം. നമ്മുടെ കഠിനാധ്വാനത്തിെൻറ ഫലം ജീവിതകാലത്ത് നമുക്ക് അനുഭവിക്കാൻ കഴിഞ്ഞില്ലെന്നുവരാം. എന്നാലും, ഓരോരുത്തരും അവനവെൻറ ധർമമനുഷ്ഠിക്കണമെന്നാണ് ഇസ്ലാമിെൻറ കൽപന. “പൂർവികർ നട്ടുനനച്ച് വളർത്തിയതിെൻറ കായ്കനികൾ നാമനുഭവിക്കുന്നു. നമ്മുടെ പിറകെ വരുന്നവർക്കായി നാം നട്ടുപിടിപ്പിക്കുക” എന്ന് ഖലീഫ ഉമർ പൗരന്മാരെ ഉൽബോധിപ്പിക്കാറുണ്ടായിരുന്നു. പ്രതീക്ഷയോടെ കർമനിരതരാവാനുള്ള ആഹ്വാനമാണ് കോവിഡ്കാലത്തെ റമദാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.