നഷ്ടമാകുന്ന നന്മകൾ
text_fieldsറമദാനിൽ ഇഫ്താർ സമയത്ത് കൃത്യമായി മസ്ജിദുകളിലെത്തി മഗ്രിബ്, ഇശാ, തറാവീഹ് നമസ്കാരങ്ങളിൽ ഭക്തിപൂർവം പങ്കെടുത്തുവരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരങ്ങളെ കാണാറുണ്ട്. അവരിൽനിന്ന് സാമാന്യം സുഖമായി, മതനിഷ്ഠകളുടെ നടുവിൽ ജീവിക്കുന്ന ഇന്നാട്ടിലെ വിശ്വാസികൾക്ക് പഠിക്കാനും ചിന്തിക്കാനും എത്രയോ കാര്യങ്ങളില്ലേ? മതം അറിയാനും അനുഷ്ഠിക്കാനുമുള്ള സാമൂഹികസാഹചര്യങ്ങൾ കേരളത്തിലെപോലെ അവർക്കില്ല. എഴുപത്തഞ്ചോ നൂറോ വർഷങ്ങൾക്കു മുമ്പ് കേരള സമൂഹത്തിലെ സാധാരണക്കാരുടെ കടുത്ത സാമ്പത്തിക സാഹചര്യം എന്തായിരുന്നുവോ ആ സാഹചര്യത്തിലാണ് ഇന്നും അവർ ജീവിക്കുന്നത്. തൊഴിൽ വൈദഗ്ധ്യമുള്ള യുവാക്കളാണവർ. പകലന്തിയോളം പൊരിവെയിലത്ത് പണിയെടുത്ത് ജീവിക്കുന്നതിനാൽ അവർക്ക് കൈക്കരുത്തും ആരോഗ്യവുമുണ്ട്. വിശപ്പടക്കാൻ കിട്ടുന്നത് തിന്ന് കുടുംബം പോറ്റാൻ അവർക്ക് ശുഷ്കാന്തിയുണ്ട്. ദരിദ്രഗ്രാമങ്ങളിൽ അവരുടെ സഹായം കാത്തിരിക്കുന്ന ക്ഷീണിതരായ മാതാപിതാക്കളുടെ സംരക്ഷണത്തിൽ അവർ ബദ്ധശ്രദ്ധ കാണിക്കുന്നു.
നമ്മുടെ യുവാക്കളോ? അധ്വാനിച്ച് ഭക്ഷിക്കണമെന്ന ചിന്ത നഷ്ടപ്പെട്ടിരിക്കുന്നു. ചുളുവിൽ ഏറ്റവും സുഖമായി ജീവിക്കാനാണ് ശ്രമം. ജോലി ഉയർന്നതോ താഴ്ന്നതോ ആവട്ടെ, മെയ്യനങ്ങാനയം മലയാളിയെ പിടികൂടിയിരിക്കുന്നു. അനുവദനീയമായത്് മാത്രം തിന്നാനും മക്കളെ തീറ്റിക്കാനും ഭാഗ്യം ലഭിച്ചവർ വളരെക്കുറച്ചേ കാണൂ. ജോലിചെയ്ത് വല്ല സമ്പാദ്യം കിട്ടിയാൽ പോലും മാതാപിതാക്കളെ സംരക്ഷിക്കാനോ അത്യാവശ്യം കഴിച്ച് ബാക്കി കുടുംബത്തിന് നീക്കിവെക്കാനോ അധികപേരും ശ്രദ്ധിക്കുന്നില്ല. സർവസ്ഥലത്തും ധൂർത്തും പെരുമയും ദുരഭിമാനവും. ആവശ്യത്തിലധികം ആഹാരംകഴിച്ച് രോഗം വിലക്കെടുക്കുേമ്പാഴും 1960കളിൽ ആരംഭിച്ച ഗൾഫ് സമ്പത്തിെൻറ പച്ചപ്പ് ഉണങ്ങിക്കൊണ്ടിരിക്കുന്നത് മുതിർന്നവരും യുവാക്കളും കുട്ടികളും അറിഞ്ഞിട്ടില്ല; അവരെ ആരും അറിയിച്ചിട്ടുമില്ല.
അന്യനാട്ടുകാർ ഇവിടെ വന്ന് അധ്വാനിച്ച് അനുവദനീയമായത് തിന്ന് കഴിയുന്നു. അവർക്ക് മതമറിയില്ല. നിർബന്ധ കർമാനുഷ്ഠാനങ്ങൾ പാലിക്കുന്നില്ല. കൊല്ലത്തിലൊരിക്കൽ നോമ്പുകാലത്തേ നമസ്കരിക്കൂ. പെരുന്നാളിനേ നല്ല വസ്ത്രം ധരിക്കൂ. അതേസമയം, മതവും സംസ്കാരവും പഠിപ്പിക്കാൻ നമുക്കിവിടെ സംവിധാനങ്ങൾ ഏറെയുണ്ട്. അതിനുവേണ്ടി ചെലവഴിക്കപ്പെടുന്ന അധ്വാനവും പണവും കുറച്ചൊന്നുമല്ല. എന്നിട്ടും വളർന്നുവരുന്ന തലമുറ മതബോധത്തിലും അറിവിലും നിഷ്ഠയിലും ആ തൊഴിലാളികളിൽനിന്ന് വ്യത്യസ്തരല്ല. അവർ മതകാര്യങ്ങളിൽ പിറകിലാണെങ്കിലും രാവുംപകലും അധ്വാനിക്കുന്നു. നാം അധ്വാനിക്കുന്നില്ല. മതകാര്യത്തിൽ പിറകിലും ധൂർത്തിലും ദുരഭിമാനത്തിലും മുന്നിലുമാണ്.
വ്രതനാളുകളിൽ പള്ളികളിലും പൊതുവേദികളിലും ഇഫ്താർ സംഗമങ്ങളിലും കൊല്ലംതോറും നടത്തിവരാറുള്ള ഉൽബോധനങ്ങളിൽ മലയാളിക്കുവേണ്ട യഥാർഥ മുഖവും വർധിച്ചുവരുന്ന പൊയ്മുഖങ്ങളും വേർതിരിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിച്ചേതീരൂ. നോമ്പിെൻറ പുണ്യങ്ങളും രാത്രിനമസ്കാരങ്ങളുടെ ശ്രേഷ്ഠതകളും ധർമങ്ങളുടെ മഹത്ത്വവും അവരെ ഉദ്ബോധിപ്പിക്കണം. അതോടൊപ്പം ജീവിതത്തിലെ ധൂർത്തും ദാനധർമങ്ങളുടെ ദുരുപയോഗവും വർജിക്കുന്നതും പഠിപ്പിക്കണം. കൊള്ളയടിച്ചും പലിശ വാങ്ങിയും തിന്നുന്നത് മഹാപാപമാണെന്ന് ഉൽബോധിപ്പിക്കുന്നതോടൊപ്പം കളവുപറഞ്ഞുള്ള സമ്പാദ്യവും കൈക്കൂലി നൽകുന്നതും സകാത്ത് കൊടുക്കാതെ ദരിദ്രരെ വഞ്ചിച്ച് ജീവിക്കുന്നതും കുറ്റമാണെന്നും പഠിപ്പിക്കണം. പ്രത്യേകിച്ച് സകാത്ത് കൊടുത്തുവീട്ടാത്ത ഒരു രൂപേപാലും സമ്പാദ്യത്തിൽ കലർന്നാൽ സമ്പത്ത് മൊത്തം നശിക്കുമെന്ന ബോധം ജനങ്ങളിൽ വളർത്തിയെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.