ജീവിതമൂല്യങ്ങളിൽ ഉറച്ചുനിൽക്കുക
text_fieldsഎന്തു പ്രലോഭനങ്ങളുണ്ടായാലും മൂല്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് അല്ലാഹു പറയുന്നത്. ‘‘നീ വഴങ്ങിക്കൊടുത്താലോ എന്ന് അവർ ആഗ്രഹിക്കുന്നു, എങ്കിൽ അവരും വഴങ്ങിത്തരും’’ (ഖുർആൻ 68:09).
ഖലീഫ ഉമർ മക്കയിലേക്ക് യാത്രചെയ്യുമ്പോൾ ആടിനെ മേയ്ക്കുന്ന ഇടയനെ കണ്ടുമുട്ടി. ഉമർ അവനോട് ചോദിച്ചു: ‘‘ഈ കൂട്ടത്തിൽ നിന്ന് ഒരു ആടിനെ തരുമോ’’? ‘‘ഞാൻ ഇതിെൻറ ഉടമയല്ല’’- ഇടയൻ പറഞ്ഞു. ‘അതിനെന്താ, ഒരാടിനെ ചെന്നായ് പിടിച്ചുവെന്ന് ഉടമയോട് പറഞ്ഞാൽ മതിയല്ലോ’ എന്ന് ഉമർ. അപ്പോൾ ‘അല്ലാഹുവിനെ മറയ്ക്കാൻ കഴിയില്ലല്ലോ’ എന്നായിരുന്നു ഇടയെൻറ മറുപടി. ഉമറിന് ഇടയനിൽ മതിപ്പുതോന്നി. പിറ്റേദിവസം ഉടമയുടെ അടുത്തുചെന്ന് അടിമയായ ഇടയനെ പണംകൊടുത്ത് ഉമർ സ്വതന്ത്രനാക്കി. ‘‘അല്ലാഹു’ എന്ന ഇൗപദം ഇഹലോകത്ത് മോചിപ്പിച്ചപോലെ പരലോകത്തും നിന്നെ മോചിപ്പിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു’’- ഉമർ അവനോട് പറഞ്ഞു.
റിയാദിലെ ഗ്രന്ഥകാരൻ ഡോ. അരീഫി വിവരിക്കുന്ന മറ്റൊരു സംഭവം. ബ്രിട്ടനിലെ ഒരു കമ്പനി സെക്യൂരിറ്റി ജീവനക്കാരെ ക്ഷണിച്ചു പരസ്യം ചെയ്തു. ശ്രദ്ധയിൽപെട്ട ഒരു മുസ്ലിം യുവാവ് ഇൻറർവ്യൂവിനെത്തി. ഒരുദിവസം എത്രകുപ്പി മദ്യം അകത്താക്കുമെന്നായിരുന്നു എല്ലാവരോടുമുള്ള പ്രധാന ചോദ്യം. യുവാവിെൻറ മുന്നിലും ചോദ്യമെത്തി. എന്തു മറുപടി പറയണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് ശങ്ക. മദ്യം സേവിക്കില്ലെന്നു പറഞ്ഞാൽ എന്തുകൊണ്ടെന്ന് ചോദിക്കും. മതനിഷ്ഠകൊണ്ടാണെന്ന് പറഞ്ഞാൽ അത്തരം മതനിഷ്ഠയുള്ളവരെ ജോലിയിൽ എടുത്തില്ലെങ്കിലോ? മനസ്സിൽ പലവിധ ചിന്തകളുമുണ്ടായെങ്കിലും അവസാനം സത്യം പറയാൻതന്നെ തീരുമാനിച്ചു. ഞാൻ മദ്യം കഴിക്കാറില്ല -അയാൾ പറഞ്ഞു. എന്താ നിങ്ങൾ രോഗിയാണോ? അല്ല, ഞാൻ മുസ്ലിമാണ്. മദ്യം എനിക്ക് നിഷിദ്ധമാണ്. വാരാന്ത്യവേളകളിൽപോലും കഴിക്കില്ലെന്നാണോ? അതെ, ഞാൻ തീരെ കഴിക്കാറില്ല.
അതുകേട്ട് അതിശയത്തോടെ ബോർഡംഗങ്ങൾ പരസ്പരം നോക്കി. ഇൻറർവ്യൂ ഫലം പുറത്തുവന്നപ്പോൾ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒന്നാമൻ ഇദ്ദേഹമായിരുന്നു. യഥാർഥത്തിൽ അവർ അന്വേഷിച്ചിരുന്നത് മദ്യം സേവിക്കാത്ത ഒരാളെയായിരുന്നു. പാറാവുകാർ മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങിയതിനാൽ മോഷ്ടാക്കൾ വ്യാപകമായി കമ്പനിയിൽ പ്രവേശിക്കുകയായിരുന്നു. പ്രലോഭനങ്ങൾ സ്വമനസ്സിൽ നിന്നാണെങ്കിലും തത്ത്വങ്ങളിൽ ഉറച്ചുനിൽക്കണമെന്ന പാഠമാണിതെല്ലാം നൽകുന്നത്. റമദാൻ നമ്മോട് പറയുന്നതും എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കണമെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.