നിസ്വരോടുള്ള ഗുണകാംക്ഷയും ആരാധന
text_fieldsഇസ്ലാം കാര്യങ്ങൾ മുഴുവൻ സാമൂഹികബന്ധിതമാണ്. ഒന്നാം കാര്യമായ കലിമതുത്തൗഹീദ് മുസ്ലിം സമുദായത്തിെൻറ പൊതുമുദ്രയാണ്. നമസ്കാരം വ്യക്തിപരമായ ആരാധനയാണെങ്കിലും ഫാത്തിഹ സൂറയിൽ ‘ഇയ്യാകനഅ്ബുദു’ ^നിന്നെ ഞങ്ങൾ ആരാധിക്കുന്നു^ എന്നാണ് നാം ഒാതേണ്ടത്. ഒറ്റക്ക് നമസ്കരിക്കുന്നവനും ഒന്നിച്ചു നമസ്കരിക്കുന്നവനും ഞങ്ങൾ എന്നാണ് പറയേണ്ടത്. ഇത് സാമൂഹികബോധത്തിെൻറ ‘പ്രകടമായ’ പ്രഖ്യാപനമാണെന്ന് ഇമാം റാസി തെൻറ ഖുർആൻ വ്യാഖ്യാനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. നമസ്കാരത്തിെൻറ തുടക്കം ഇപ്രകാരമാണെങ്കിൽ ഒടുക്കം അത്തഹിയ്യാത്തിൽ എല്ലാ നല്ലവരായ അടിമകൾക്കും അല്ലാഹുവിെൻറ സുരക്ഷ ഉണ്ടാവെട്ട എന്നാണ് പ്രാർഥന. സ്വന്തം ആരാധനയിൽപോലും മറ്റുള്ളവരോട് ഗുണകാംക്ഷ നിലനിർത്തുന്നു.
സകാത് സ്വന്തം സമ്പാദ്യത്തിൽ ദരിദ്രനുള്ള അവകാശമാണ്. ഹജ്ജ് വേളയിൽ ആരാധനയിൽ വീഴ്ച വന്നാൽ ബലി നടത്തുകയോ ധാന്യം ദാനംചെയ്യുകയോ വേണം. പാവപ്പെട്ടവനെ ഉൗട്ടുേമ്പാഴാണ് നമ്മുടെ ആരാധന പൂർണമാകുന്നത്. നോമ്പ് അനുഷ്ഠിക്കാൻ ആരോഗ്യകാരണത്താൽ കഴിയില്ലെങ്കിൽ ഒരു നോമ്പിന് ഒരു മുദ്ദ് എന്നതോതിൽ ധാന്യം സാധുക്കൾക്ക് ധർമം ചെയ്യണം. മറ്റൊരാൾക്ക് അന്നംനൽകുന്നത് നമ്മുടെ നോമ്പായി മാറുന്നു. ഇതാണ് ഇസ്ലാമിെൻറ സാമൂഹികമാനം. ‘മതം ഗുണകാംക്ഷയാണ്’ എന്ന നബിവചനം ശ്രദ്ധേയമത്രെ. ‘സൃഷ്ടികളോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവിനോട് നന്ദി കാണിച്ചിട്ടില്ല’ എന്ന ഹദീസ് ഇതിനോട് ചേർത്തുവായിക്കണം.
നോമ്പ് കേവലം ഉപവാസമല്ല. ഇല്ലാത്തവെൻറ വേദന അറിയാനും തഖ്വയിലൂടെ നാഥനിലേക്ക് അടുക്കാനുമുള്ള ആരാധനയാണ്. ദാനധർമവും സ്നേഹബന്ധങ്ങളുമാണ് നോമ്പിനെ ചൈതന്യധന്യമാക്കുന്നത്. വ്യക്തിബന്ധങ്ങളെ വഷളാക്കുന്ന പരദൂഷണം, ഏഷണി എന്നിവ നോമ്പിെൻറ പ്രതിഫലം നഷ്ടപ്പെടുത്തും. കുടുംബബന്ധങ്ങൾ തകർക്കുന്നവൻ ഒരു സദസ്സിലുണ്ടായാൽ അവിടെ അല്ലാഹുവിെൻറ അനുഗ്രഹം ഇറങ്ങുകയിെല്ലന്ന പ്രവാചകാധ്യാപനം നൽകുന്ന താക്കീത് ചെറുതല്ല.
ലോകത്തിെൻറ ഏതു കോണിലുള്ളവനായാലും പ്രഭാതം മുതൽ അസ്തമയം വരെ നോമ്പനുഷ്ഠിക്കുന്നു. ഇൗ സമയപ്പൊരുത്തം ഭൂഖണ്ഡങ്ങൾ മാറുേമ്പാഴുള്ള സമയമാറ്റത്തെ പരിഗണിക്കാതെ ഉദയാസ്തമയവുമായി ബന്ധപ്പെടുത്തിയാണ് ഇസ്ലാം സംവിധാനിച്ചിരിക്കുന്നത്. അല്ലാഹുവിെൻറ ഭൂമിയിൽ എവിടെയായിരുന്നാലും രാപ്പകലുകളെ ആധാരമാക്കി വ്രതമെടുക്കുക എന്ന പൊതു രീതിയാണ് അവലംബിക്കുന്നത്.
നോമ്പിെൻറ പരിസമാപ്തിയോടെ പെരുന്നാൾ ആഘോഷിക്കുന്നവൻ നിർബന്ധമായും ഫിത്ർ സകാത് നൽകിയിരിക്കണം. ഇല്ലെങ്കിൽ അവെൻറ ഒരുമാസക്കാലത്തെ നോമ്പ് അർഥശൂന്യമായിപ്പോകും.
നോമ്പിെൻറ ചൈതന്യം മനസ്സിലാക്കിയ പല അമുസ്ലിം സുഹൃത്തുക്കളും റമദാനിൽ വ്രതമെടുക്കുന്നതായി നാം കേട്ടുകൊണ്ടിരിക്കുന്നു. ഇസ്ലാമികമായ ഇൗ ആരാധനയിൽ അവർ ആകൃഷ്ടരായത് നോമ്പിെൻറ സാമൂഹികമായ വിലയിരുത്തലായി മാറുന്നു.
പട്ടിണിപ്പാവങ്ങളെ തിരിഞ്ഞുനോക്കാതെയും അവശരെ അവഗണിച്ചുകൊണ്ടും നാമെത്ര ഉപവസിച്ചാലും അല്ലാഹു അംഗീകരിക്കില്ല. ‘‘ജനങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങൾക്ക് കൂടുതൽ ഉപകാരം ചെയ്യുന്നവനാണ്’’ എന്നാണ് നബി പഠിപ്പിച്ചിട്ടുള്ളത്. നോമ്പുനോൽക്കാൻ താൽപര്യം കാണിക്കുന്നവൻ ദാനധർമങ്ങൾക്കും സാമൂഹികസേവനങ്ങൾക്കും മടികാണിക്കുന്നുവെങ്കിൽ അവൻ റമദാെൻറ സന്ദേശം മനസ്സിലാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.