ചങ്കു തകർന്ന് ഒരമ്മ കൂടി...അമ്മയുടെ കരുതൽ വചനങ്ങൾക്കുമായില്ല ധീരജിനെ കാക്കാൻ
text_fieldsതളിപ്പറമ്പ് (കണ്ണൂർ): ഇടുക്കിയിൽ കോളജ് മുറ്റത്ത് കൊലക്കത്തിയിൽ ജീവൻ വീണുേപായ ധീരജിന്റെ വീട്ടിൽനിന്നുള്ള ആർത്തനാദം അകലെ നിന്നുതന്നെ കേൾക്കാം. ''മോനേ.. രാഷ്ട്രീയത്തിനൊന്നും പോകരുതെന്ന് പറഞ്ഞതല്ലേ പലവട്ടം.. '' മകന്റെ പേരുവിളിച്ച് അമ്മ പുഷ്പകല അലമുറയിടുകയാണ്. ഗവ. എൻജിനീയറിങ് കോളജിൽ സീറ്റുനേടിയ മിടുക്കനായ മകനെ ദൂരെ ജില്ലയിലെ കാമ്പസിലേക്ക് പറഞ്ഞുവിട്ടപ്പോൾ ആ അമ്മമനസ്സ് ആകുലപ്പെട്ടതുതന്നെ സംഭവിച്ചു. പത്തുദിവസം മുമ്പാണ് വീട്ടിൽനിന്ന് കോളജിലേക്ക് മടങ്ങിയത്. ക്ലാസില്ലെങ്കിൽ തൽക്കാലം കാമ്പസിലേക്ക് പോകേണ്ടെന്ന് അന്ന് അമ്മ വിലക്കിയിരുന്നു.
വീടിന്റെയാകെ പ്രതീക്ഷയായിരുന്ന ധീരജ് ഇനിയില്ലെന്ന സത്യം പിതാവ് രാജേന്ദ്രനും സഹോദരൻ അദ്വൈതിനും ഉൾക്കൊള്ളാനായിട്ടില്ല. ധീരജ് കൊലക്കത്തിക്ക് ഇരയാകുമ്പോൾ, തളിപ്പറമ്പ് ആയുർവേദ ആശുപത്രിയിൽ നഴ്സായ മാതാവ് പുഷ്പകല ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലായിരുന്നു.
കൊലപാതക വിവരം സഹപ്രവർത്തകർ അറിഞ്ഞുവെങ്കിലും ബന്ധുക്കൾ എത്തുന്നതുവരെ അമ്മയെ അറിയിച്ചില്ല. മകന്റെ കൊലപാതക വാർത്ത അറിഞ്ഞപ്പോൾ ആശുപത്രി വരാന്തയിൽ അമ്മ തളർന്നുവീണു. ധീരജിന്റെ പിതാവ് എൽ.ഐ.സി ഏജന്റായ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. കണ്ണൂർ കുടിയാന്മല സ്വദേശിനിയാണ് മാതാവ് പുഷ്പകല.
നേരത്തേ തളിപ്പറമ്പ് പാലകുളങ്ങരയിൽ വാടകക്ക് താമസിച്ചിരുന്ന കുടുംബം തളിപ്പറമ്പ് തൃച്ചംബരത്ത് 'അദ്വൈതം' എന്ന പുതിയ വീടുവെച്ച് താമസം മാറിയത് രണ്ടുവർഷം മുമ്പ് മാത്രമാണ്. രാജേന്ദ്രൻ- പുഷ്പകല ദമ്പതികളുടെ രണ്ടു ആൺമക്കളിൽ മൂത്തയാളാണ് ധീരജ്. രാജേന്ദ്രനോ കുടുംബത്തിനോ എടുത്തുപറയാവുന്ന രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ല. പ്ലസ് ടു വരെ സംഘടന പ്രവർത്തനങ്ങൾ ഒന്നുമില്ലാതിരുന്ന ധീരജ് ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എത്തിയതോടെയാണ് എസ്.എഫ്.ഐയിൽ സജീവമായത്. പഠനത്തിൽ മിടുക്കനായിരുന്ന ധീരജ് നാട്ടുകാർക്കും അയൽവാസികൾക്കുമെല്ലാം പ്രിയങ്കരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.