ധീരജ് വധം: പ്രതികൾ നിരപരാധികളെന്ന് കെ. സുധാകരൻ; 'നിഖിൽ പൈലിയെ നാൽപതോളം എസ്.എഫ്.ഐക്കാർ ഓടിച്ചു, ധീരജിനെ കുത്തിയത് കണ്ടവരില്ല'
text_fieldsതിരുവനന്തപുരം: ധീരജ് വധക്കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിരപരാധികളെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ലെന്നും നിഖിൽ പൈലിയെ തെളിവില്ലാതെയാണ് പ്രതിയാക്കിയതെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു. ധീരജിനൊപ്പം കുത്തേറ്റ വിദ്യാർഥിയുമായി 'കൈരളി' ചാനൽ നടത്തിയ അഭിമുഖം ഇതിന് തെളിവായി സുധാകരൻ പ്രദർശിപ്പിച്ചു.
സുധാകരന്റെ വാക്കുകളിൽനിന്ന്:
സംഭവം നടന്ന ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ കെ.എസ്.യു പ്രവർത്തകർ നിരന്തരം ആക്രമിക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് മുൻപുള്ള ദിവസങ്ങളിൽ നാലഞ്ചു തവണ കെ.എസ്.യുക്കാർക്ക് നേരെ എസ്.എഫ്.ഐ ആക്രമണം നടത്തി. വനിതാ കെ.എസ്.യു പ്രവർത്തകരെ ഭയപ്പെടുത്തി, ഭീഷണിപ്പെടുത്തി. ഇതറിഞ്ഞ് കെ.എസ്.യുവിന്റെ കുട്ടികൾക്ക് സംരക്ഷണം നൽകാനാണ് പ്രദേശത്തെ അഞ്ചെട്ട് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ കോളജിനടുത്തെത്തിയത്. എന്നാൽ, അതിനും സി.പി.എം അവസരം നൽകിയില്ല. കോളജിൽ കയറാൻ നിങ്ങളാരെടാ എന്നു ചോദിച്ച് അവരെ അടിച്ചോടിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റിനെ തല്ലി ആശുപത്രിയിൽ അഡ്മിറ്റാക്കി. മൂന്നാംദിവസം 30 ഓളം പേർ ആശുപത്രിയിൽ കേറി അടിച്ചു. തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെയും ആക്രമിച്ചു. ഒടുവിൽ സംരക്ഷണാർഥം ഒരുമിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയാണ് ചെയ്തത്. യൂത്ത് കോൺഗ്രസിന്റെ രണ്ടുമൂന്നു പ്രവർത്തകർക്കും മർദനമേറ്റു.
സംഭവദിവസം ഉച്ചയോടെ കാമ്പസിന്റെ ഗേറ്റിന് പുറത്ത് നിന്ന എട്ടോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നാൽപതോളം എസ്.എഫ്.ഐക്കാരും ഡി.വൈ.എഫ്.ഐക്കാരും പുറത്ത് നിന്ന് വരാൻ ആരെടാ നിങ്ങൾ എന്നു പറഞ്ഞ് അടിച്ചോടിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിതറി ഓടി. 300 മീറ്ററോളം ദൂരമാണ് കുത്തിക്കൊന്നു എന്നു പറയുന്ന നിഖിൽ പൈലിയെ ഓടിച്ചത്. പിറകെ ഓടി അദ്ദേഹത്തെ വളഞ്ഞിട്ടു. കൂടെ ഓടിയ പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകൻ കൈരളി ചാനലിൽ പറഞ്ഞത് 'ധീരജിനെ കുത്തുന്നത് കണ്ടില്ല' എന്നാണ്. കുത്തിയത് ആരും കണ്ടിട്ടില്ല. ധീരജിനെ കുത്തിയത് ആരെന്ന് ദൃക്സാക്ഷികൾക്ക് പറയാനാവുന്നില്ല. ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി, ആര് കുത്തി എന്ന് പറയുന്നില്ല. ഇത് കെഎസ്‍യുവിൻ്റെ തലയിൽ എങ്ങനെ വരുന്നു?
ധീരജിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാത്തതിൽ പൊലീസാണ് മറുപടി പറയേണ്ടത്. കോളജിലെ സംഘര്‍ഷത്തിനിടെ നിരവധി തവണ എസ്.എഫ്.ഐക്കാരെ മാറ്റാന്‍ പൊലീസ് ശ്രമിച്ചിരുന്നു. കുത്തേറ്റുവീണ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞപ്പോള്‍ അവിടെ കിടക്കട്ടെയെന്നാണ് പൊലീസ് പറഞ്ഞത്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിച്ച് മടുത്തു നില്‍ക്കുകയായിരുന്നു പൊലീസ്. എസ്.എഫ്.ഐക്കാരെ ശല്യക്കാരായി പൊലീസുകാര്‍ക്ക് പോലും തോന്നിയത് കൊണ്ടാകാം അവര്‍ അങ്ങനെ പറഞ്ഞത്. പൊലീസിന്റെ ഈ നിലപാട് ഒരിക്കലും ശരിയല്ല. മരണാസന്നനായ ഒരാളെ ആശുപത്രിയിലെത്തിക്കാത്ത പൊലീസാണ് മരണത്തിന് കാരണം.
താൻ മരണത്തിൽ ദുഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണ്. ഒരു ജീവൻ പൊലിഞ്ഞത് ദുഖകരമായ സംഭവമാണ്. തന്റെ മനസ് കല്ലും ഇരുമ്പുമല്ല, മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ് താൻ. സിപിഎം തനിക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങൾ അത്ഭുതകരമാണ്. അക്രമം കൊണ്ട് പിടിച്ച് നിൽക്കുന്ന സംഘടനയാണ് എസ്എഫ്ഐ. താൻ മനുഷ്യത്വം വളരെ ആഴത്തിലും പരപ്പിലും കാത്തുസൂക്ഷിക്കുന്ന സാധാരണ പ്രവർത്തകനാണ്. ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്നെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള സി.പി.എം ശ്രമങ്ങൾ പുത്തരിയല്ല. ഇതിലൊന്നും തനിക്ക് ഭയപ്പാടില്ല.
ധീരജിന്‍റെ മൃതദേഹം വീട്ടുപറമ്പില്‍ അടക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാല്‍, അവിടെയല്ല അടക്കേണ്ടതെന്ന് തീരുമാനിച്ചത് സി.പി.എമ്മാണ്. എട്ട് സെന്‍റ് സ്ഥലം വില കൊടുത്ത് വാങ്ങി ശവകുടീരം കൊട്ടിപ്പൊക്കി മരണം ആഘോഷമാക്കിമാറ്റാന്‍ ശ്രമിച്ച സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ മനസ് ജനങ്ങള്‍ തൊട്ടറിയണം.
ധീരജിന്‍റേത് കോണ്‍ഗ്രസ് കുടുംബമാണ്. അവരെ ഒരിക്കലും തള്ളിപ്പറയില്ല. ധീരജിന്‍റെ വേര്‍പാടിന് പിന്നാലെ കുടുംബത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അവിടെ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കില്ല. താനവിടെ പോയാല്‍ അതിന്‍റെ ദുരന്തങ്ങള്‍ അനുഭവിക്കുക ധീരജിന്‍റെ കുടുംബമാണ്. തിരുവനന്തപുരത്ത് തിരുവാതിര കളിച്ചും സി.പി.എം മരണം ആഘോഷമാക്കി. ഒരു ചെറുപ്പക്കാരന്‍റെ നിശ്ചലമായ ശരീരം പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ കിടക്കുമ്പോള്‍ അതിന്‍റെ മുന്നില്‍ പൊട്ടിച്ചിരിക്കാന്‍ സാധിക്കുന്ന എം.എം. മണി ദയാലുവായ മഹാനുഭാവനാണ്.
പിണറായി ഭരണത്തിൽ 54 കൊലപാതകമുണ്ടായി. ഇതിൽ 28 എണ്ണത്തിൽ സിപിഎം പ്രതികളാണ്, 12 ബിജെപി പ്രതികളാണ്. ഒരു കേസ് ലീഗും. ധീരജ് കേസ് മാത്രമാണ് കോൺഗ്രസിൻ്റെ തലയിൽ കെട്ടിവയ്ക്കുന്നത്. കേഡർ എന്നാൽ ആയുധമെടുത്ത് പോരാടുന്നതല്ല സമർപ്പിത ഭടനാണ് കേഡർ എന്നാണ് ഗാന്ധിജി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.