ധീരജ് വധം: അഞ്ചുപേർക്ക് ജാമ്യം, നിഖിൽ പൈലിയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsമുട്ടം (ഇടുക്കി): ധീരജ് വധക്കേസിലെ രണ്ട് മുതൽ ആറ് വരെ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി നിഖിൽ പൈലിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് മുതൽ ആറ് വരെ പ്രതികൾക്കാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എസ്. ശശികുമാർ ജാമ്യം അനുവദിച്ചത്. ജെറിൻ ജോജോ, ടോണി എബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ്, സോയിമോൻ സണ്ണി എന്നിവരാണ് രണ്ടു മുതൽ ആറ് വരെയുള്ള പ്രതികൾ. ഏഴും എട്ടും പ്രതികളായ ജസ്റ്റിൻ ജോയ്, അലൻ ബേബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
രണ്ട് മുതൽ ആറുവരെ പ്രതികൾക്ക് ഉപധികളോടെയാണ് ജാമ്യം അനുവദിച്ചു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.
കഴിഞ്ഞ ജനുവരി പത്തിനാണ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം കൂടിയായ ധീരജിന് കുത്തേറ്റത്. നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു ധീരജ്.
കോളജിൽ അബ്ദുൽകലാം ടെക്‌നിക്കൽ യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഒരു മണി വരെ വോട്ടെടുപ്പിന് ശേഷം 1.30 വരെ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർഥികൾക്ക് വോട്ട് ചെയ്യാനുള്ള സമയമായിരുന്നു. ഇതിനിടെ, ധീരജും ഏതാനും എസ്.എഫ്.ഐ പ്രവർത്തകരും കൂടി കോളജിന് പുറത്തെത്തി.
ഇവിടെ കൂടിനിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ഇതിനിടെ, പിന്തിരിഞ്ഞോടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ധീരജിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
അക്രമം തടയാൻ ശ്രമിച്ച എസ്.എഫ്.ഐ ഏരിയ ജോയന്‍റ് സെക്രട്ടറി തൃശൂർ മഴുവഞ്ചേരി തുളപറമ്പിൽ അഭിജിത്ത് ടി. സുനിൽ, പ്രവർത്തകൻ കൊല്ലം മുള്ളുവിള എസ്.എച്ച്.ജി നഗറിൽ പുണർതം വീട്ടിൽ എ.എസ്. അമൽ എന്നിവർക്കും കുത്തേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.