നിഖിൽ പൈലി പാന്റ്സിന്റെ കീശയിൽ സൂക്ഷിച്ച കത്തി എടുത്ത് ധീരജിനെ കുത്തി; കൊല്ലാൻ തന്നെയെന്ന് റിമാൻഡ് റിപ്പോർട്ട്
text_fieldsതൊടുപുഴ: ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെയും രണ്ട് സുഹൃത്തുക്കളെയും പ്രതികൾ കുത്തിയത് കൊല്ലാൻ ലക്ഷ്യമിട്ടാണെന്ന് റിമാൻഡ് റിപ്പോർട്ട്.
യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളായ ഒന്നുമുതൽ ആറുവരെ പ്രതികൾ സംഘം ചേർന്നാണ് കോളജിന് പുറത്ത് എത്തിയതെന്നും ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വിദ്യാർഥികളല്ലാത്തവർ കോളജിൽ പ്രവേശിക്കുന്നത് ധീരജും സുഹൃത്തുക്കളായ അഭിജിത്തും അമലും അർജുനും തടയാൻ ശ്രമിച്ചു. പ്രതികൾ ഇവരെ കൈയേറ്റം ചെയ്യുകയും നിഖിൽ പൈലി പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് അഭിജിത്തിന്റെ ഇടത് കക്ഷത്തിന് താഴെയും ഇടത് നെഞ്ച് ഭാഗത്തും അമലിന്റെ വലത് നെഞ്ച് ഭാഗത്തും കഴുത്തിന്റെ ഇടതുഭാഗത്തും കുത്തി. തുടർന്ന്, ജില്ല പഞ്ചായത്ത് ഓഫിസ് ഭാഗത്തേക്ക് ഓടിപ്പോകാനൊരുങ്ങിയ നിഖിലിനെ പിടിച്ചുനിർത്താൻ ശ്രമിച്ച ധീരജിന്റെ നെഞ്ചിന്റെ ഭാഗത്ത് ആഞ്ഞുകുത്തി കൊലപ്പെടുത്തുകയായിരുന്നു. നിഖിൽ പൈലിയും രണ്ടാം പ്രതി ജെറിൻ ജോജോയും കുറ്റം സമ്മതിച്ചിട്ടുണ്ട്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അഭിജിത്തിനെയും അമലിനെയും പ്രതികളെ നേരിട്ട് കാണിച്ച് തിരിച്ചറിയൽ നടത്താനായിട്ടില്ല. മൂന്നുമുതൽ ആറുവരെ പ്രതികൾ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനും സാധ്യതയുള്ളതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
അതേസമയം, കൃത്യത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച കത്തി ഇനിയും കണ്ടെത്താനായില്ല. സംഭവത്തിനുശേഷം തിരിച്ചുപോകുമ്പോൾ കത്തി കാട്ടിലെറിഞ്ഞു എന്ന ഒന്നാം പ്രതി നിഖിൽ പൈലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുമായി ബുധനാഴ്ച കാട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.