കൊലക്ക് പിന്നിൽ കോൺഗ്രസ് ക്രിമിനലുകളെന്ന് എസ്.എഫ്.ഐ; നാളെ സംസ്ഥാനവ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം
text_fieldsതിരുവനന്തപുരം: ഇടുക്കി എൻജിനിയറിങ് കോളജിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയത് പുറമേ നിന്ന് സംഘം ചേർന്ന് വന്ന കോൺഗ്രസ് ക്രിമിനലുകളുടെ നേതൃത്വത്തിലാണെന്ന് എസ്.എഫ്.ഐ. കലാലയങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും ഗുണ്ടാ സംഘങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നതെന്നും എസ്.എഫ്.ഐ ആരോപിച്ചു. ധീരജിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപക പഠിപ്പുമുടക്കിന് എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.
അക്രമത്തിൽ മറ്റ് മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കും കുത്തേറ്റിട്ടുണ്ട്. എഞ്ചിനിയറിങ് കോളജിന്‍റെ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പുറമേ നിന്ന് സംഘം ചേർന്ന് വന്ന കോൺഗ്രസ്സ് ക്രിമിനലുകളുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നിട്ടുള്ളതെന്ന് എസ്.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു. യാതൊരു സംഘർഷങ്ങളുടെയും പശ്ചാത്തലം നിലവിലില്ലാത്ത സാഹചര്യത്തിലാണ് ഈ കശാപ്പ് കോൺഗ്രസ്സ് ഗുണ്ടകൾ നടത്തിയിട്ടുള്ളത്.
ധീരജിന്‍റെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കൊലപാതകികളായ കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് ഗുണ്ടകളെ സമൂഹ മനസാക്ഷി ഒറ്റപ്പെടുത്തണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വി.എ. വിനീഷ്, സെക്രട്ടറി കെ.എം. സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.