ധീരജിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി; പൊലീസ് സഹായിച്ചില്ലെന്ന് ദൃക്സാക്ഷി
text_fieldsഇടുക്കി: എൻജിനീയറിങ് കോളജിൽ കുത്തേറ്റുവീണ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായി ആക്ഷേപം. സംഘർഷസാധ്യത കണക്കിലെടുത്ത് കോളജ് അധികൃതർ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കാമ്പസിന് മുന്നിൽ പൊലീസുകാർ ഡ്യുട്ടിയിലുണ്ടായിരുന്നു.
ധീരജിന് കുത്തേറ്റപ്പോൾ കൂട്ടുകാര്‍ പൊലീസിന്റെയും മറ്റു പലരുടെയും സഹായം തേടിയെങ്കിലും ആരും ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ലത്രേ. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനോട് സംഭവം പറഞ്ഞപ്പോള്‍ അവന് അവിടെ കിടക്കട്ടെയെന്നാണ് പറഞ്ഞതെന്ന് ദൃക്സാക്ഷിയായ അശ്വിന് ഉത്തമന് എന്ന വിദ്യാര്‍ഥി പറഞ്ഞു.
പിന്നീട് അതുവഴിവന്ന ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്റെ വാഹനത്തിലാണ് ധീരജിനെ ആശുപത്രിയിലെത്തിച്ചത്.
ആദ്യ കാമ്പസ് കൊലയിൽ നടുങ്ങി ജില്ല
ഇടുക്കി: ജില്ലയിലെ ആദ്യകാമ്പസ് കൊലപാതകത്തിന്റെ നടുക്കത്തിലാണ് ഏവരും. ജില്ലയിലെ കോളജുകളിൽ നേരിയ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും കൊലപാതകം ഇതാദ്യമാണ്. കൺമുന്നിൽ കൂട്ടുകാരൻ കുത്തേറ്റു വീഴുന്നതു കണ്ടതിന്റെ ഞെട്ടലാണ് ഇടുക്കി മെഡിക്കൽ കോളജിലെ ധീരജിന്റെ സഹപാഠികളുടെ മുഖത്ത്. ഉച്ചക്ക് ഒന്നരയോടെ സംഭവമറിഞ്ഞ് ഓരോരുത്തരായി കോളജിൽനിന്ന് ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. സംഘർഷത്തിൽ തങ്ങളുടെ സുഹൃത്തിന് പരിക്കേറ്റു എന്നേ അവർ കരുതിയുള്ളൂ.
എന്നാൽ, ആശുപത്രിയിൽനിന്ന് കേട്ടവിവരം അവർക്ക് ഹൃദയഭേദകമായിരുന്നു.2000ത്തിൽ പ്രവർത്തനം ആരംഭിച്ച ഇടുക്കി പൈനാവ് എൻജിനീയറിങ് കോളജിൽ രാഷ്ട്രീയതർക്കങ്ങൾ നടക്കാറുണ്ടെങ്കിലും ആയുധം ഉപയോഗിച്ചുള്ള സംഘർഷങ്ങൾ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവം അധ്യാപകരെയും ഞെട്ടിക്കുന്നതായിരുന്നു. മരണവിവരം അറിഞ്ഞതോടെ സി.പി.എം നേതാക്കളും എസ്.എഫ്.ഐ പ്രവർത്തകരും ഒന്നടങ്കം ആശുപത്രിയിലേക്ക് ഒഴുകിയെത്തി. അറിഞ്ഞെത്തിയ വിദ്യാർഥികൾ ധീരജിന്റെ പേരെടുത്ത് പറഞ്ഞ് കരയുന്നുണ്ടായിരുന്നു.
ചിലർ വിശ്വസിക്കാൻ കഴിയാതെ നിർനിമേഷരായിരുന്നു. രാത്രി വൈകിയും ധീരജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിൽ പലരും കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ജലവിഭവമന്ത്രി റോഷി അഗസ്റ്റ്യന്‍, എം.എം. മണി എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ തുടങ്ങിയ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും ആശുപത്രിക്ക് മുന്നിൽ എത്തിയ പ്രവർത്തകരെ നിയന്ത്രിക്കുകയും സാമാധാനിപ്പിക്കുകയും ചെയ്തു.
ജില്ല പൊലീസ് മേധാവി കറുപ്പസ്വാമി, ഇടുക്കി ഡിവൈ.എസ്.പി ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി.ടി. ആന്റണി, ഡി.സി.ആര്.ബി ഡിവൈ.എസ്.പി തോമസ് എന്നിവര്‍ ക്രമസമാധാനപാലനത്തിനു നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.