ധീരജിന്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലെ മുറിവ്; സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് പൊലീസ്
text_fieldsതൊടുപുഴ: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമാണ് ധീരജ് രാജേന്ദ്രന്‍റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുത്തേറ്റ് ഹൃദയത്തിന്റെ അറകൾ തകർന്നു. ശരീരത്തിൽ മർദനമേറ്റതിന്റെ നിരവധി പാടുകളുണ്ട്. തലയിലും പരിക്കുണ്ട്. നീളമുള്ള കത്തിയാണ് കൊലപാതകത്തിനായി പ്രതി ഉപയോഗിച്ചത്.
അതേസമയം, ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെന്ന് ഇടുക്കി എസ്.പി ആർ. കറുപ്പസ്വാമി അറിയിച്ചു. കേസിൽ അറസ്റ്റിലായവർ വിദ്യാർഥികളല്ല. കൂടുതൽ പേർ കസ്റ്റഡിയിലുണ്ടെന്നും കൂടുതൽ പേരെ നിരീക്ഷിക്കുന്നതായും എസ്.പി പറഞ്ഞു.
പെട്ടന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ ഇതുവരെ മൂന്നുപേരാണ് അറസ്റ്റിലായത്. നിഖില്‍ പൈലി, ജെറിന്‍ ജോജോ, അലക്സ് റാഫേൽ എന്നിവരാണ് അറസ്റ്റിലായത്.
ധീരജ് രാജേന്ദ്രന്‍റെ മൃതദേഹം വിലാപയാത്രയായി സ്വദേശമായ കണ്ണൂരിലെ തളിപ്പറമ്പിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം സി.പി.എം-എസ്.എഫ്.ഐ നേതാക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഇടുക്കി ജില്ല കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുപോയി. എൻജിനീയറിങ് കോളജിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് തളിപ്പറമ്പിലേക്ക് കൊണ്ടുപോയത്.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനിടെയാണ് എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം കൂടിയായ ധീരജിന് കുത്തേറ്റത്. കുത്തേറ്റ മറ്റ് രണ്ടു വിദ്യാർഥികൾ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ കാമ്പസിന് പുറത്ത് കോളജ് ഗേറ്റിന് സമീപമാണ് സംഭവം. നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് ധീരജ്.
കോളജിൽ അബ്ദുൽകലാം ടെക്‌നിക്കൽ യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഒരു മണി വരെ വോട്ടെടുപ്പിന് ശേഷം 1.30 വരെ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർഥികൾക്ക് വോട്ട് ചെയ്യാനുള്ള സമയമായിരുന്നു. ഇതിനിടെ, ധീരജും ഏതാനും എസ്.എഫ്.ഐ പ്രവർത്തകരും കൂടി കോളജിന് പുറത്തെത്തി.
ഇവിടെ കൂടിനിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചതായി പറയുന്നു. ഇതിനിടെ, പിന്തിരിഞ്ഞോടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ധീരജിന്റെ നെഞ്ചിൽ കുത്തുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അക്രമം തടയാൻ ശ്രമിച്ച എസ്.എഫ്.ഐ ഏരിയ ജോയന്‍റ് സെക്രട്ടറി തൃശൂർ മഴുവഞ്ചേരി തുളപറമ്പിൽ അഭിജിത്ത് ടി. സുനിൽ, പ്രവർത്തകൻ കൊല്ലം മുള്ളുവിള എസ്.എച്ച്.ജി നഗറിൽ പുണർതം വീട്ടിൽ എ.എസ്. അമൽ എന്നിവർക്കും കുത്തേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.