കേരളത്തിൽ ദൈവത്തെ തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദം പകരംവെക്കാനാകില്ല -എം.വി.ഗോവിന്ദൻ മാസ്റ്റർ
text_fieldsകണ്ണൂർ: ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിലും കേരളത്തിലും ദൈവത്തെ തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദം പകരംവെക്കാനാകില്ലെന്ന് സി.പി.എം കേന്ദ്രകമ്മറ്റിയംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ. വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും പ്രവർത്തിക്കാൻ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തിൽ നിന്നേ ഇൗ ഘട്ടത്തിൽ പ്രവർത്തിക്കാൻ കഴിയൂ. തികച്ചും ശരിയായതും ശാസത്രീയമായതുമായ വൈരുധ്യാത്മക ഭൗതികവാദത്തെ ഈ ഘട്ടത്തിൽ മുന്നോട്ടുവെക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ടി.എ കണ്ണൂർ ജില്ലാ സമ്മേളനം മുനിസിപ്പൽ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ചിടത്തോളം വിശ്വാസത്തെയും അതിന്‍റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാർശനികപ്രപഞ്ചത്തെ മുന്നിൽ നിർത്തി ഇന്നത്തെ ഫ്യൂഡൽ പശ്ചാത്തലത്തിൽ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. അത് സാധിക്കില്ല. ജൻമിത്വത്തിന്‍റെ പിടിയിൽനിന്നുപോലും മോചിതമാകാത്ത ഇന്ത്യൻ സമൂഹത്തിൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗിമാക്കാൻ കഴിയില്ല. 1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളിൽ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. ആവില്ല.'
ബൂർഷ്വാ ജനാധിപത്യത്തിനുപോലും വിലയില്ലാത്തതുകൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത്. ഹിന്ദുവോ ക്രിസ്ത്യാനിയോ പാഴ്സിയോ ആരുമാകട്ടെ അതിൽ വലിയൊരു വിഭാഗം വിശ്വാസികളാണ്. ഏത് സാധാരണ മനുഷ്യനും ഈ പരമ്പരാഗത ഇന്ത്യൻ സമൂഹത്തിൽ ജനിച്ച് വളരുന്നത് ഹിന്ദുവായാണ്. അതായത് ഒഴുക്ക് എന്ന് പറയുന്നത് ഹിന്ദുവായ ഒഴുക്കാണ്. അല്ലെങ്കിൽ മുസൽമാനായ ഒഴുക്കാണ്. അല്ലെങ്കിൽ പാഴ്സിയാണ്, സിഖാണ് -ഗോവിന്ദൻ വ്യക്തമാക്കി.
മാർക്സിസത്തിന്റെ അടിസ്ഥാന ശിലയായി കരുതുന്ന വൈരുധ്യാത്മക ഭൗതിക വാദം ഇപ്പോൾ പ്രാവർത്തികമാക്കാനാകില്ലെന്ന് ഇടത് സൈദ്ധാന്തികൻ കൂടിയായ ഗോവിന്ദൻ മാസ്റ്റർ തള്ളിപ്പറഞ്ഞത് പാർട്ടിക്കകത്തും പുറത്തും വരുംദിവസങ്ങളിൽ സജീവ ചർച്ചക്ക് വഴിയൊരുക്കും. ശബരിമല സ്ത്രീ പ്രവേശന വിഷയം വീണ്ടും വിവാദമായ സാഹചര്യത്തിലാണ് വിശ്വാസത്തെ ഉൾക്കൊള്ളാതെ മുന്നോട്ടുപോകാനാകില്ലെന്ന ആശയം ഇദ്ദേഹം ഉയർത്തിക്കൊണ്ടുവരുന്നതെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.