ഇടുക്കി ജില്ലയിൽ ഡയാലിസിസ് സൗകര്യം പരിമിതം; വൃക്കരോഗികള്‍ ദുരിതത്തില്‍
text_fieldsഅടിമാലി: വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനും രോഗബാധിതരുടെ ചികിത്സക്കും കൂടുതല്‍ ശ്രദ്ധ വേണമെന്ന ആവശ്യം ശക്തമാകുന്നു.
ജില്ലയില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലായി 15 ഇടങ്ങളിലാണ് ഡയാലിസിസിന് സംവിധാനം ഉള്ളത്. ഇതില്‍ തൊടുപുഴ, ഇടുക്കി ജില്ല ആശുപത്രിയിലും കട്ടപ്പന സര്‍ക്കാര്‍ ആശുപത്രിയിലും മാത്രമാണ് ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. 600 ലേറെ രോഗികളാണ് ദിവസവും ചികിത്സ തേടുന്നത്. വിദഗ്ധ ചികിത്സയും ഇല്ലാത്തതിനാല്‍ ജില്ലയില്‍ നിന്നുള്ള ആയിരത്തിനടുത്ത് രോഗികള്‍ എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ചികിത്സ നടത്തുകയും ചെയ്യുന്നുണ്ട്.
സ്വകാര്യ മേഖലയിലുള്ള ഡയാലിസ് സെന്ററുകൾ 1500 മുതല്‍ 3000 രൂപ വരെ രോഗികളില്‍നിന്ന് ഈടാക്കുന്നു. മാസം അഞ്ചും പത്തും ഡയാലിസസ് നടത്തുന്നവരും ഉണ്ട്. ഇതോടെ വൃക്കരോഗികള്‍ വലിയ സാമ്പത്തിക ബാധ്യതയില്‍ അകപ്പെടുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് യന്ത്രങ്ങള്‍ വര്‍ധിപ്പിച്ചും കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്ത്തിപ്പിച്ചുമെല്ലാം സൗകര്യമൊരുക്കണമെന്നാണ് രോഗികളുടെ ആവശ്യം.
ഏഴു ലക്ഷത്തോളം രൂപയാണ് ഡയാലിസിസ് യന്ത്രത്തിന്റെ വില. സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്കെല്ലാം യന്ത്രങ്ങള്‍ വാങ്ങി നല്കാന് ആരോഗ്യവകുപ്പിന് പരിമിതികളുണ്ടെങ്കില്‍ ജനകീയ കൂട്ടായ്മയിലൂടെയും എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് പ്രയോജനപ്പെടുത്തിയും സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹായം തേടിയുമെല്ലാം ഇവ സംഘടിപ്പിക്കണമെന്നാണ് നിർദേശം.
എന്നാൽ, ഇതൊന്നും നടപ്പാകുന്നില്ല. അടിമാലി താലൂക്ക് ആശുപത്രിയില്‍ എല്ലാവിധ സൗകര്യങ്ങളോടെ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിനായി 10 ഡയാലിസ് മെഷിനുകളും ഇവിടെ എത്തിച്ചിരുന്നു. കഴിഞ്ഞ കോവിഡ് കാലത്ത് ഇതില്‍ അഞ്ച് എണ്ണം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അടിമാലിയില്‍ ഡയാലിസ് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ തിരികെ എത്തിക്കുമെന്ന പ്രഖ്യാപനത്തിലായിരുന്നു ഇവ മാറ്റിയത്. എന്നാല്‍, അടിമാലി ഡയാലിസ് യൂനിറ്റ് പ്രഖ്യാപനത്തിൽ മാത്രമാണ്. അടിസ്ഥാനപരമായി ചെയ്യേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയെങ്കിലും ഉദ്ഘാടനം വൈകാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് ഉത്തരമില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ ഇടപെടലാണെന്നാണ് ആക്ഷേപം.
അടിമാലി താലൂക്കാശുപത്രിയിലെ എക്സ്-റേ യൂനിറ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ടും മാസങ്ങളായി. ഇതിന് ബ്ലഡ് ബാങ്ക്, സ്കാനിങ് എന്നിവയും പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. പ്രശ്നം വേഗത്തില്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.