ആലപ്പുഴയിൽ വയറിളക്കം പടരുന്നു; 25 പേർ ചികിത്സതേടി
text_fieldsആലപ്പുഴ: നഗരത്തിൽ വയറിളക്കം പടരുന്നു. കുട്ടികളടക്കം 25പേർ ആശുപത്രിയിൽ ചികിത്സതേടി. പുതുവർഷാഘോഷ ഭാഗമായി ആലപ്പുഴ ബീച്ചിലെ ഫെസ്റ്റിവലിൽ കുടുംബസമേതം പങ്കെടുത്ത് വടയും ശീതളപാനീയങ്ങളും കഴിച്ചവരാണ് ചികിത്സതേടിയവരിൽ കൂടുതൽപേരും.
ആലപ്പുഴ ജനറൽ ആശുപത്രി, കടപ്പുറം-വനിത ശിശു ആശുപത്രി എന്നിവിടങ്ങളിൽ 10 പേർ വീതമാണ് ചികിത്സ തേടിയത്. അഞ്ചുപേരെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.അതേസമയം, ബീച്ചിലെ മാത്രമല്ല ആഘോഷവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലെ കടകളിൽനിന്ന് ശീതളപാനീയങ്ങൾ കുടിച്ചവരും ചികിത്സതേടിയിട്ടുണ്ടെന്നാണ് വിവരം. അതിനാൽ കുടിവെള്ളത്തിലെ മാലിന്യമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പുതുവർഷം പിറന്നതിന് പിന്നാലെ വയറിളക്ക രോഗികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും സ്ഥിതി ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞദിവസങ്ങളിൽ ചികിത്സതേടിയ 30ലധികംപേർ ആശുപത്രി വിട്ടു. ഡിസംബർ ആദ്യവാരത്തിൽ നഗരത്തിലും പരിസരത്തും വയറിളക്കം പടർന്നിരുന്നു.
ആരോഗ്യവിഭാഗം പരിശോധന കർശനമാക്കിയാണ് നിയന്ത്രണവിധേയമാക്കിയത്. അന്ന് ആർ.ഒ പ്ലാന്‍റുകളിലടക്കം വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ കൂടിയതോതിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തിൽ വിവിധയിടങ്ങളിലെ കടകളിൽ പരിശോധന നടത്തി. ആലപ്പുഴ ബീച്ചിൽ നടത്തിയ പരിശോധനയിൽ കോളിഫോം ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയ ശീതളപാനീയങ്ങൾ വിൽക്കുന്ന രണ്ട് കട പൂട്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.