വയറിളക്കം: വിദ്യാര്‍ഥി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
text_fieldsകാട്ടൂര്‍ (തൃശൂർ): വയറിളക്കത്തെ തുടർന്ന് 13 വയസ്സുകാരൻ മരിച്ചു. രണ്ട് കുട്ടികള്‍ ചികിത്സയിൽ. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. ഇരിങ്ങാലക്കുട കാട്ടൂര്‍ നെടുമ്പുര സ്വദേശി കൊട്ടാരത്ത് വീട്ടില്‍ അനസിന്റെ മകന് ഹമദാനാണ് (13) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഹമദാന്റെ സഹോദരി ഹന (17), പിതൃസഹോദര പുത്രന് നിജാദ് അഹമദ് (10) എന്നിവരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച വിദ്യാർഥിയും കുടുംബവും വാഗമണിലേക്ക് വിനോദയാത്ര പോയിരുന്നു. അവിടെനിന്ന് മൂന്ന് കുട്ടികളും ചിക്കന്‍ ബിരിയാണി കഴിച്ചിരുന്നു.
ബുധനാഴ്ച തിരിച്ചെത്തി വൈകാതെ ഹമദാന്‍ വയറിളക്കവും ഛര്‍ദിയുമടക്കം അസ്വസ്ഥതകൾ തുടങ്ങി. ഉടന്‍ കാട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്സിലെത്തിക്കുമ്പോഴേക്കും കുട്ടി അവശനായിരുന്നു.
വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിഗമനം. ഖബറടക്കം നടത്തി. വിദേശത്തായിരുന്ന അനസ് മകന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്തി. ഇരിങ്ങാലക്കുട നാഷനല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹമദാന്‍. മാതാവ്: സീനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.