പെയിന്റ് കമ്പനിയുടെ ഡീലർഷിപ്പിനായി ഗൂഗിൾ സെർച്ച് ചെയ്തു; യുവാവിന് നഷ്ടമായത് 13.96 ലക്ഷം
text_fieldsകണ്ണൂർ: പ്രമുഖ പെയിന്റ് കമ്പനിയുടെ ഡീലർഷിപ്പിനായി ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ വെബ് സൈറ്റിൽ പ്രവേശിച്ച് വിവരങ്ങൾ നൽകിയ യുവാവിന് സൈബർ തട്ടിപ്പിലൂടെ 13,96,100 രൂപ നഷ്ടമായി. കമ്പനിയുടെ യഥാർത്ഥ വെബ് സൈറ്റ് ആണെന്നുകരുതി വിവരങ്ങൾ നൽകുകയായിരുന്നു.
ഫോൺ നമ്പറും ഇമെയിൽ ഐഡിയും നൽകിയതോടെ യുവാവിന്റെ വാട്ട്സ്ആപ്പിലേക്കും ഇമെയിലേക്കും കമ്പനിയിൽ നിന്ന് ക്ഷണിച്ച് കൊണ്ട് സന്ദേശം വരികയും രജിസ്‌ട്രേഷനുള്ള ഫോമുകളും ഫോൺ നമ്പറും അയച്ചു നൽകി. തുടർന്ന് ഫോമുകൾ പൂരിപ്പിച്ച് ഇ മെയിൽ വഴി അയച്ചു കൊടുത്തു. പിന്നീട് ഫോൺ നമ്പറിൽ ബന്ധപ്പെട്ട് അന്വേഷിക്കുകയും ഡീലർഷിപ്പ് എടുക്കുന്നതിനുള്ള നടപടികൾക്കുവേണ്ട പണം പല തവണകളായി അയച്ചുനൽകുകയായിരുന്നു.
വീണ്ടും ലൈസൻസിനും മറ്റും കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവിന് സംശയം തോന്നുകയായിരുന്നു. പിന്നീട് യുവാവ് ബാങ്കുമായി ബന്ധപ്പെട്ട് പണം അയച്ചു നൽകിയ അക്കൗണ്ട് വിവരങ്ങൾ അന്വേഷിച്ചപ്പോൾ അത് കമ്പനിയുടെ പേരിലുള്ള അക്കൗണ്ട് അല്ലെന്നും ഒരു വ്യക്തിയുടെ അക്കൗണ്ട് ആണെന്നും അറിയാൻ സാധിച്ചു. അപ്പോഴാണ് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.
ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾ ധാരാളം നടക്കുന്നുണ്ട്.ഓൺലൈനിൽ നൽകുന്ന വിവരങ്ങൾ കണ്ണുമടച്ച് വിശ്വസിക്കരുത്. ഗൂഗിളിൽ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുത്. പകരം ബന്ധപ്പെടാനുള്ള വിശദാംശങ്ങൾക്കായി നിങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.ആരെങ്കിലും നിങ്ങളോട് ഫോണിലൂടെ ബാങ്കിംഗ് വിശദാംശങ്ങൾ ചോദിച്ചാൽ, അത് നൽകരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങൾ നൽകാൻ ബാങ്കുകളോ കമ്പനികളോ നിങ്ങളോട് ആവശ്യപ്പെടുന്നില്ല.
സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തുക.സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.