തൃക്കാക്കരയിൽ ജോ ജോസഫിനെ നിശ്ചയിച്ചതിൽ ഇടപെട്ടിട്ടില്ല -സീറോ മലബാർ സഭ
text_fieldsകാക്കനാട്: തൃക്കാക്കരയിൽ ഇടതുപക്ഷ സ്ഥാനാർഥിയായി ജോ ജോസഫിനെ നിശ്ചയിച്ചതിൽ ഇടപെട്ടിട്ടില്ലെന്ന് സീറോമലബാർ സഭ. സീറോമലബാർ മീഡിയ കമീഷൻ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥാനാർഥി നിർണയത്തിൽ മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടുവെന്നും ചില സ്ഥാപിത താൽപര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു. മുന്നണികൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണെന്നും ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസ്സിലാക്കാവുന്നതേയുള്ളുവെന്നും കുറിപ്പ് ചൂണ്ടിക്കാട്ടി.
വ്യക്തമായ സാമൂഹിക രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണെന്നും കുറിപ്പിൽ പറഞ്ഞു. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമില്ലാത്ത അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത് ചില ബാഹ്യശക്തികളുടെ സമ്മർദം മൂലമാണെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.