ഫുൾടാങ്ക് അടിച്ച വണ്ടിയിലെന്തിന് പെട്രോൾ കുപ്പിയെന്ന് റീഷയുടെ അച്ഛൻ
text_fieldsകണ്ണൂർ: തലേദിവസം മാഹിയിൽനിന്ന് ഫുൾടാങ്ക് എണ്ണയടിച്ച കാറിൽ എന്തിനാണ് രണ്ട് കുപ്പി പെട്രോൾ സൂക്ഷിക്കുന്നതെന്ന് കണ്ണൂരിൽ കാർ കത്തി വെന്തുമരിച്ച റീഷയുടെ പിതാവ് കെ. വിശ്വനാഥൻ. വണ്ടിയിൽനിന്ന് പെട്രോൾ കുപ്പികൾ കണ്ടെത്തിയെന്നതടക്കമുള്ള വാർത്തകളും ആരോപണങ്ങളും മക്കളെ നഷ്ടപ്പെട്ടതിനൊപ്പം വേദനയുണ്ടാക്കുന്നതാണ്.
തെറ്റായ കഥകൾ പ്രചരിപ്പിക്കുന്നതിനെതിരെ വീട്ടിലെത്തിയ കെ. സുധാകരൻ എം.പിയോട് പരാതി പറഞ്ഞിട്ടുണ്ട്. വീട്ടിൽ വരുന്ന പലരും ആശ്വാസവാക്കുകളല്ല പറയുന്നത്. പകരം വണ്ടിയിൽ പെട്രോൾ കുപ്പി ഉണ്ടായിരുന്നോ എന്നാണ് ചോദിക്കുന്നത്. ഹോട്ടൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പാലക്കാട്ടുനിന്ന് മടങ്ങവെയാണ് കഴിഞ്ഞ ദിവസം മാഹിയിൽനിന്ന് ഫുൾടാങ്ക് പെട്രോൾ നിറച്ചത്. പൂർണ ഗർഭിണിയായ റീഷയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളത്തിന്റെ കുപ്പികളാണ് വണ്ടിയിൽ ഉണ്ടായതെന്നും വിശ്വനാഥൻ പറഞ്ഞു.
അപകടത്തിൽ മരിച്ച പ്രജിത്താണ് കാർ ഓടിച്ചത്. റീഷ മുൻസീറ്റിലും ബാക്കിയുള്ളവർ പിൻസീറ്റിലുമാണ് ഇരുന്നത്. സ്റ്റിയറിങ്ങിന് അടിയിൽനിന്നാണ് തീനാളം ഉയർന്നത്. വണ്ടി നിർത്തി പിറകിലെ സീറ്റിലുള്ളവർ ഇറങ്ങുമ്പോഴേക്കും തീയും പുകയുംകൊണ്ട് കാർ മൂടിയെന്നും വിശ്വനാഥൻ പറഞ്ഞു. അപകടത്തെ തുടർന്ന് മാനസികമായി തകർന്ന വിശ്വനാഥന് രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞദിവസം ചാലോട് സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
വ്യാഴാഴ്ച രാവിലെ കുറ്റ്യാട്ടൂരിൽനിന്ന് കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് റീഷയും ഭർത്താവ് പ്രജിത്തും കാർ കത്തി മരിച്ചത്. ഇവരുടെ മകൾ ശ്രീപാർവതിയും വിശ്വനാഥനും ഭാര്യ ശോഭനയും ബന്ധു സജനയും അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കത്തിയ വാഹനത്തിൽ മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗ്ധരും പൊലീസും നടത്തിയ പരിശോധനയിൽ കഴിഞ്ഞദിവസം എന്തോ ദ്രാവകം സൂക്ഷിച്ച കുപ്പികൾ കത്തിയനിലയിൽ കണ്ടെത്തിയിരുന്നു. ഇവ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
നിമിഷങ്ങൾക്കകം തീവ്രമായി തീ കത്തിപ്പടരാൻ കാരണമായേക്കാവുന്ന ദ്രാവകം അടങ്ങിയ കുപ്പികളാണോ കണ്ടെടുത്തതെന്ന് ഫോറൻസിക് പരിശോധനയിൽ മാത്രമെ തിരിച്ചറിയൂ. കാർ കത്തിയതിന്റെ കാരണത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികൾ വിശദമായ പരിശോധന നടത്തിവരുകയാണ്. വാഹനത്തിനുള്ളിൽ പെട്ടെന്ന് തീയാളാനുള്ള കാരണങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പലയിടത്തും പ്രചരിക്കുന്നതായും അത്തരമൊരു നിഗമനത്തിലെത്തിയിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് ശനിയാഴ്ച അറിയിച്ചു.
മോട്ടോർ വാഹന വകുപ്പ്, ഫോറൻസിക്, പൊലീസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് മാത്രമെ അപകടകാരണവും വാഹനത്തിനുള്ളിൽ തീ പടരാനുള്ള കാരണവും കണ്ടുപിടിക്കാൻ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.