മാനദണ്ഡങ്ങൾ പാലിച്ചില്ല; തിരിച്ചയച്ചത് ഒരുകോടിയുടെ കോവിഡ് സാമഗ്രികൾ
text_fieldsതൊടുപുഴ: കോവിഡ് വ്യാപനം മറയാക്കി സംസ്ഥാനത്തേക്ക് വൻതോതിൽ ഇറക്കുമതി ചെയ്ത ഒരു കോടിയോളം രൂപയുടെ പ്രതിരോധസാമഗ്രികൾ തിരിച്ചയച്ചു. നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം ഇവ പിടിച്ചെടുത്തത്. വിദേശനിർമിത ഉൽപന്നങ്ങൾ കേരളത്തിലെത്തിച്ച് കൂടിയ വിലയ്ക്ക് അനധികൃതമായി വിറ്റഴിക്കാൻ ശ്രമിച്ചതായാണ് കണ്ടെത്തൽ.
പൾസ് ഒാക്സിമീറ്റർ, മാസ്ക് എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചയച്ച പ്രധാന ഇനങ്ങൾ. തിരിച്ചയച്ച ഒരു കോടിയിലധികം രൂപയുടെ ഉൽപന്നങ്ങളിൽ 59,46,784 രൂപയുടേതും പൾസ് ഒാക്സിമീറ്ററായിരുന്നു.
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയവയിൽ ഭൂരിഭാഗവും ചൈനീസ് നിർമിത ഉൽപന്നങ്ങളാണെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം പറയുന്നു. പൾസ് ഒാക്സി മീറ്ററിനും മാസ്കിനും ആവശ്യം വർധിച്ചതാണ് നിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ കടന്നുകയറ്റത്തിന് വഴി തെളിച്ചത്. മലപ്പുറം ജില്ലയിൽനിന്ന് 25 ലക്ഷവും കോഴിക്കോടുനിന്ന് 22 ലക്ഷവും വിലവരുന്ന ഇത്തരം ഉപകരണങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ പിടികൂടി.
മെഡിക്കൽ ഉപകരണങ്ങളുടെ നിലവാരം ഉറപ്പാക്കാൻ നിഷ്കർഷിച്ച ചട്ടങ്ങൾ പാലിക്കാത്ത ഉൽപന്നങ്ങളാണ് ഡ്രഗ്സ് കൺട്രോൾ അധികൃതർ പരിശോധനയിൽ പിടികൂടിയത്. ഉൽപന്നത്തിൽ നിർമാണ കമ്പനിയുടെ പേര്, വിലാസം, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി, നിർമാണ ലൈസൻസ് നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചിരുന്നില്ല. ഉയർന്ന ഗുണനിലവാരമുള്ളവയുടെ അതേ വിലയ്ക്കാണ് ഇവയും വിപണിയിൽ വിറ്റത്. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിൽപന തടയാൻ ശക്തമായ പരിശോധന തുടരുമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ കെ.ജെ. ജോൺ 'മാധ്യമ'ത്തോട് പറഞ്ഞു. മരുന്നുകളുടെ ഗുണനിലവാര പരിശോധനക്ക് കൂടുതൽ ലാബുകൾ സജ്ജമാക്കിവരുകയാണെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.