ശമ്പളം ലഭിച്ചില്ല; കെ.എസ്.ആർ.ടി.സി തൊഴിലാളികൾ സമരത്തിലേക്ക്
text_fieldsതിരുവനന്തപുരം: ശമ്പള വിതരണം തടസപ്പെട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തും. ഏപ്രിൽ 14 മുതൽ യൂനിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫിസ് പടിക്കലും ശമ്പളം ലഭിക്കുന്നതുവരെ അനിശ്ചിതകാല റിലേ നിരാഹാരം നടത്തും.
ഏപ്രിൽ 19ന് ചീഫ് ഓഫിസ് ധർണയും സംഘടിപ്പിക്കും. ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി നടത്തിയ ചർച്ചക്ക് ശേഷം ആനത്തലവട്ടം ആനന്ദനാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ മറുപടിയിൽ തൃപ്തരല്ലെന്നും ജോലി ചെയ്താൽ യഥാസമയത്ത് കാശു തരണമെന്നും കെ.എസ്.ആർ.ടി.സി ലാഭത്തിൽ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. അപക്വമായി സർവിസും ഷെഡ്യൂളും തീരുമാനിക്കുകയാണെന്നും ചില ഉദ്യോഗസ്ഥർ മാത്രം ചേർന്നാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തി.
മാർച്ച് മാസത്തെ ശമ്പളം നൽകാൻ തയാറാകാത്ത കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന്റെയും ഇടപെടാൻ തയാറാകാത്ത വകുപ്പ് മന്ത്രിയുടെയും നിലപാടിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ് പോർട്ട് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) ചീഫ് ഓഫിസിനു മുന്നിൽ അനിശ്ചിത കാല സമരം നടത്താൻ തീരുമാനിച്ചെന്ന് ജനറൽ സെക്രട്ടറി എം.ജി. രാഹുൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.