മിണ്ടിയില്ല; കൈകൂപ്പി മുഖ്യമന്ത്രിയും ഗവർണറും ഒരേവേദിയിൽ
text_fieldsതിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ പരസ്പരം ഏറ്റുമുട്ടുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ്ഖാനും ഒരേവേദിയിൽ. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി കൂടി പങ്കെടുത്ത കാര്യവട്ടത്ത് നടന്ന സംസ്ഥാനത്തെ വിവിധ ദേശീയപാതകളുടെ നവീകരണത്തിന്‍റെ ഉദ്ഘാടന ചടങ്ങിനാണ് ഇരുവരും എത്തിയത്. ഒന്നേകാൽ മണിക്കൂറോളം വേദിയിൽ ഗഡ്ഗരിയുടെ ഇരുവശത്തുമായി ഉണ്ടായിരുന്നുവെങ്കിലും പരസ്പരം സംസാരിക്കാനോ ശ്രദ്ധിക്കാനോ ഇരുവരും തയാറായില്ല. പ്രസംഗിച്ച് ഇരിപ്പിടത്തിലേക്ക് മുഖ്യമന്ത്രി മടങ്ങുമ്പോൾ ഇരുവരും പരസ്രം കൈകൂപ്പി.
ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന ഗവർണർ പ്രസംഗിച്ചില്ല. കേന്ദ്രമന്ത്രി ഗഡ്ഗരി പ്രസംഗിച്ച ശേഷമാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഗവർണറുടെ ഇരിപ്പിടത്തിന് മുന്നിലൂടെയാണ് അദ്ദേഹം പ്രസംഗത്തിനായി നടന്നുനീങ്ങിയതെങ്കിലും അവിടേക്ക് ശ്രദ്ധിച്ചതേയില്ല. ഗവർണറും മറ്റൊരു ഭാഗത്തേക്ക് ശ്രദ്ധിച്ചിരിക്കുകയായിരുന്നു. പ്രസംഗിച്ച് വീണ്ടും ഇരിപ്പിടത്തിലേക്ക് വരുമ്പോൾ കേന്ദ്രമന്ത്രി മുരളീധരനും മുഖ്യമന്ത്രിയും പരസ്പരം കൈകൂപ്പി.
തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന ഗവർണറെയും കൈകൂപ്പിയതോടെ സീറ്റിൽനിന്ന് അൽപം എഴുന്നേറ്റ് തിരിച്ച് ഗവർണറും കൈകൂപ്പി. അതിനുമുമ്പ്, കേന്ദ്രമന്ത്രി ഗഡ്ഗരിയും മുഖ്യമന്ത്രിയും ഗവർണറും ഒരുമിച്ചാണ് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിർവഹിച്ചത്. പിന്നീട് വികസന പദ്ധതികളുടെ ശിലാസ്ഥാപനം പ്രതീകാത്മകമായി റിമോട്ട് ഉപയോഗിച്ച് സ്വിച്ച്ഓൺ ചെയ്തതും മൂവരും ഒരുമിച്ചായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.