'നെടുമങ്ങാട്ട് വീണ്ടും മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല'; പി.എസ്. പ്രശാന്തിന് മറുപടിയുമായി പാലോട് രവി
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന കെ.പി.സി.സി മുൻ സെക്രട്ടറി പി.എസ്. പ്രശാന്തിന്‍റെ ആരോപണത്തിന് മറുപടിയുമായി പാലോട് രവി. നെടുമങ്ങാട്ട് വീണ്ടും മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും പ്രശാന്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഉദ്ഘാടനം ചെയ്തത് താനാണെന്നും പാലോട് രവി പറഞ്ഞു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റായി തെരഞ്ഞെടുത്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നെടുമങ്ങാട്ട് വീണ്ടും മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. പ്രശാന്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത് ഞാനാണ്. കടകളിൽ കയറിയുള്ള പ്രചാരണത്തിന് ഞാനും ഒപ്പം പോയിരുന്നു. അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ, മണ്ഡലം കൺവെൻഷനുകൾ എന്നിവയെല്ലാം ഉദ്ഘാടനം ചെയ്തു. ഇതിനിടയിലാണ് മീഡിയ കമ്മിറ്റിയുടെ ചെയർമാനായി കെ.പി.സി.സിയിൽനിന്ന് അറിയിപ്പ് വന്നത്. ഡൽഹിയിൽനിന്ന് വരുന്ന നേതാക്കളെ സ്വീകരിക്കേണ്ട ചുമതലയും നൽകി.
കേരളത്തിൽ പ്രചാരണത്തിനെത്തിയ ദേശീയ നേതാവ് മനീഷ് തിവാരിയെ ആദ്യം കൊണ്ടുപോയത് നെടുമങ്ങാേട്ടക്കാണ്. ഉമ്മൻ ചാണ്ടിയെ രണ്ട് തവണ അവിടേക്ക് കൊണ്ടുവന്നു. 2016ലെ തെരഞ്ഞെടുപ്പിൽ ഞാൻ തോറ്റ സമയത്ത് 54,000 വോട്ട് എനിക്ക് കിട്ടിയിരുന്നു. ഇത്തവണ പ്രശാന്തിന് ഏകദേശം 50,000 വോട്ട് കിട്ടി. 2016ൽ ബി.ജെ.പി 36,000 വോട്ട് പിടിച്ചു. 2021ലത് 25,000 വോട്ടായി കുറഞ്ഞു -പാലോട് രവി പറഞ്ഞു.
നെടുമങ്ങാട്ടെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പാലോട് രവിക്കെതിരെ നടപടി വേണമെന്നായിരുന്നു പി.എസ്. പ്രശാന്ത് ആവശ്യപ്പെട്ടത്. തന്നെ തോൽപ്പിക്കാൻ പാലോട് രവി രഹസ്യയോഗം ചേർന്നിരുന്നുവെന്നും ഇക്കാര്യം അന്വേഷണസമിതിക്ക് മുൻപാകെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.